ADVERTISEMENT

ശ്രീനാരായണഗുരു കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിൽ വിശ്രമിക്കുമ്പോഴാണ് ഏതാനും ഭക്തർ അദ്ദേഹത്തെ സന്ദർശിച്ച് ശിവഗിരി തീർഥാടനത്തിന് അനുമതി തേടിയത്. തീർഥാടനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അവ അനുഷ്ഠിക്കേണ്ട രീതികളെക്കുറിച്ചും ഗുരുദേവൻ വിശദീകരിച്ചു. സകല മനുഷ്യരുടെയും പുരോഗതിക്കാവശ്യമായ അഷ്ടലക്ഷ്യങ്ങളാണ് ഗുരു തീർഥാടനത്തിനായി നിർദേശിച്ചത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിവയാണവ.

ഈ പറഞ്ഞ വിഷയങ്ങളിൽ ആഴത്തിൽ അറിവു നേടിയവർ ശിവഗിരിയിലെത്തി തീർഥാടകരുമായി തങ്ങളുടെ അറിവും ആശയവും വിശദീകരിക്കുകയും അതു കൈവരിക്കാനുള്ള മാർഗം പങ്കിടുകയും വേണം. അപ്രകാരം നേടുന്ന അറിവ് തീർഥാടകർ തങ്ങളുടെ നാടുകളിലെത്തി ദേശവാസികൾക്കു പകർന്നു നൽകണം. ഓരോരുത്തരും ഇങ്ങനെ പ്രവർത്തിച്ചാൽ ഗുരു വിഭാവനം ചെയ്ത ആശയത്തിലൂടെ വ്യക്തികൾക്കും സമൂഹത്തിനും നാടിനും ഒരുപോലെ പുരോഗതിയും സ്വയംപര്യാപ്തതയും കൈവരിക്കാനാകും. ശിവഗിരി തീർഥാടനം അറിവിന്റെ തീർഥാടനമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. 

ലാളിത്യമാകണം മുഖമുദ്ര

തീർഥയാത്ര ആർഭാടവും ആഡംബരവും ഒഴിവാക്കി വിനീതമായിരിക്കണമെന്നു ഗുരു പറഞ്ഞു. യാത്രികരുടെ വസ്ത്രധാരണത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: മഞ്ഞവസ്ത്രമാകാം. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും വസ്ത്രത്തിന്റെ നിറമാണത്. പക്ഷേ, തീർഥയാത്രയ്ക്കായി കോടി മഞ്ഞപ്പട്ട് വാങ്ങേണ്ടതില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വെള്ളവസ്ത്രം ശുദ്ധമാക്കിയെടുക്കാം. മഞ്ഞളിൽ മുക്കിയാൽ മഞ്ഞനിറമാകും. തീർഥയാത്ര കഴിഞ്ഞ് അലക്കിത്തെളിച്ച് എടുക്കുകയുമാകാം. തീർഥാടകരുടെ മനസ്സ് പഞ്ചശുദ്ധിയിൽ അധിഷ്ഠിതമാകണം. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമശുദ്ധി എന്നിവയാണവ. തീർഥാടനത്തിന്റെ പേരിൽ പണച്ചെലവു പാടില്ല. മിച്ചം വയ്ക്കാൻ ശീലിക്കണം. വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും പുരോഗതി നേടണമെന്നും ഗുരു നിർദേശിച്ചു. 

അറിവാണ് വിജയമന്ത്രം

ഗുരുവിന്റെ വിശ്വമാനവ ദർശനം ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിലൂടെ ലോകം ശ്രവിച്ച പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ശിവഗിരി തീർഥാടനമെന്ന പ്രത്യേകതയുണ്ട്. ആലുവയിൽ ഗുരു സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു വത്തിക്കാനിൽ നടന്ന സമ്മേളനത്തിലാണ് മാർപാപ്പ പങ്കെടുത്ത് ഗുരുദർശനങ്ങളുടെ പ്രസക്തി ലോകത്തോടു പങ്കുവച്ചത്. ശാന്തിയുടെയും സമാധാനത്തിന്റെയും ഇടം തേടുന്നവർക്ക് പവിത്രമായ ഗുരുദർശനങ്ങളും അതിൽനിന്ന് ഉരുവംകൊണ്ട തീർഥാടനവും ആശ്രയമാകും. ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏതൊന്നു പരിശോധിച്ചാലും അതിൽ പരിവർത്തനത്തിന്റെയും സമഭാവനയുടെയും മഹത്വം കണ്ടെത്താനാകും. അറിവാണ് പുരോഗതിയുടെ ആധാരശില. വിദ്യാഭ്യാസവും ശുചിത്വവും ഈശ്വരഭക്തിയും സംഘടനയും കൃഷിയും കച്ചവടവും കൈത്തൊഴിലും സാങ്കേതിക പരിശീലനവും ഏതു കാലത്തും ഏതു നാട്ടിലുമുള്ള ഏതൊരാളുടെയും ജീവിതപുരോഗതിക്ക് അനിവാര്യമാണെന്നു കാണാം. 

എല്ലാം ഏകശിലയിൽനിന്ന്

മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പേരിലുള്ള കലഹങ്ങൾ ഒഴിയണമെങ്കിൽ മനുഷ്യകുലം ഒന്നാണെന്ന ചിന്ത ശക്തമാകണം. ഭിന്ന മതവിശ്വാസങ്ങൾ പുലർത്തുമ്പോഴും മതതത്വങ്ങളുടെ ആധാരം ഏകമാണെന്ന് അറിയണം. അവിടെയാണ് ‘മതമേതായാലും മനുഷ്യൻ നന്നാകണ’മെന്ന വചനത്തിന്റെ മഹത്വം. മതം ഓരോ വ്യക്തിയുടെയും വിശ്വാസസ്വാതന്ത്ര്യത്തിൽപ്പെടുന്നതാണ്. അതിനെ മറ്റൊരാളോ മറ്റൊരു മതമോ ചോദ്യംചെയ്യാൻ തുനിഞ്ഞാൽ കലഹമുണ്ടാകും. എല്ലാ മതതത്വങ്ങളും എല്ലാവരും സമബുദ്ധിയോടെ പഠിക്കണമെന്ന ഗുരുവാക്ക് ഉൾക്കൊണ്ടാൽ മതകലഹം അകറ്റാനാകും. ഭിന്നമതങ്ങൾ തമ്മിൽ കലഹിക്കുന്നതിനു പകരം സാഹോദര്യത്തോടെ കഴിയുന്ന പശ്ചാത്തലം രൂപപ്പെടും. വത്തിക്കാൻ സമ്മേളനം വിളംബരം ചെയ്തത് ഈ ദർശനമാണ്. വിശ്വമാനവികതയുടെ പ്രവാചകനായ ഗുരുവിന്റെ വാക്കുകൾ ലോകത്തിനു വെളിച്ചമാണ്. ഗുരുസന്ദേശം ഉൾക്കൊണ്ട് ജീവിതത്തെ പ്രകാശിപ്പിക്കുകയെന്ന ദൗത്യമാണ് വിവേകികൾ ഇന്ന് ഏറ്റെടുക്കേണ്ടത്. അങ്ങനെ രൂപപ്പെടുന്ന ചിന്തകളിലും ആശയങ്ങളിലും ഗുരുദർശനത്തിന്റെ കാലാതീത പ്രസക്തി നിറവാർന്നു നിൽക്കും.

(ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്  ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

English Summary:

Sivagiri Pilgrimage: The 92nd Sivagiri pilgrimage commences today, attracting thousands of devotees to pay homage at the Sree Narayana Guru's memorial.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com