പുതുവർഷത്തിൽ മാലിന്യമൊഴിഞ്ഞെങ്കിൽ
Mail This Article
ജലാശയങ്ങളിലും കടൽത്തീരങ്ങളിലും നിരത്തോരങ്ങളിലും പൊതുമൈതാനങ്ങളിലുമൊക്കെ മാലിന്യം വലിച്ചെറിയുന്ന നമ്മെ പരിഷ്കൃതസമൂഹമെന്നു വിളിക്കാൻ നമുക്കൊരു മടിയുമില്ല.
നിയമംമൂലം നിരോധിച്ചിട്ടും, വീട്ടുമാലിന്യം ഇരുളിന്റെ മറവിൽ വഴിയോരത്തും നദികളിലുമൊക്കെ തള്ളുന്നവർ പകൽനേരങ്ങളിൽ മാത്രം പൗരബോധം പ്രകടിപ്പിക്കുന്നവരാകുന്നു. ആശുപത്രിമാലിന്യംപോലും നാടിന്റെ നെഞ്ചിലേക്കു വലിച്ചെറിയാൻ മടിയില്ലാത്തവർ ഇവിടെയുണ്ട്. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളിലൊന്നാണ് മാലിന്യമുക്ത കേരളം. എന്നാൽ, ആ സ്വപ്നം എത്രയോ ദൂരെയാണിപ്പോൾ. അരികിലെത്തിയ പുതുവർഷത്തിലെങ്കിലും വൃത്തിയിലേക്കുള്ള ആ പാതയിലൂടെ നാം നടന്നുതുടങ്ങേണ്ടതല്ലേ?
സർക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ജനകീയ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതൽ ‘വലിച്ചെറിയൽ വിരുദ്ധവാരം’ ആചരിക്കുകയാണ്. യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിൽ കൂടുതൽ ബിന്നുകൾ സ്ഥാപിക്കുന്നതടക്കം പല പരിപാടികളും ഇതിന്റെ ഭാഗമായുണ്ട്. ബിന്നുകളുടെ കാര്യത്തിൽ പ്രാദേശിക ചുമതലയുള്ള സമിതികളും സ്ഥാപനങ്ങളും രൂപീകരിക്കാനിരിക്കുകയുമാണ്. എല്ലാം നല്ലതുതന്നെ. എന്നാൽ, വലിച്ചെറിയൽ വിരുദ്ധവാരാചരണം എന്ന ആശയത്തിൽത്തന്നെ പ്രശ്നമില്ലേ? ഒരു വാരത്തിലേക്കോ മാസത്തിലേക്കോ ഒതുക്കാവുന്നതാണോ മാലിന്യമുക്ത പരിപാടികൾ? അത് ഒരു അനുസ്യൂത ദൗത്യംതന്നെയാണെന്ന് നമുക്കിനിയും മനസ്സിലായിട്ടില്ലെന്നാണോ? ഒരു വാരമെന്ന സമയപരിധിയിൽ ആ വലിയ ദൗത്യം എത്രയോ ചെറുതായിപ്പോകുന്നു.
മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ഒരു ജനതയുടെ സംസ്കാരം പ്രതിഫലിക്കുന്നു. മറ്റു പല രാജ്യങ്ങളും അങ്ങേയറ്റത്തെ പ്രതിബദ്ധതയോടെ ശുചീകരണം നിർവഹിച്ചുപോരുന്നതു നമുക്കു പാഠമാകേണ്ടതുണ്ട്. ഇക്കാര്യം ഈ മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ‘ഞായറാഴ്ച’കളിൽ മലയാള മനോരമയിലെ ‘ഇന്നത്തെ ചിന്താവിഷയം’ പംക്തി ചൂണ്ടിക്കാട്ടുന്നുണ്ട്.
രണ്ടു വർഷംമുൻപു ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോൾ വേളയിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ജപ്പാനും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരം. ജപ്പാനു തോൽവിയായിരുന്നു ഫലം. എന്നാൽ, ലോകം തുടർന്നുകണ്ടത്, ഒരു മിനിറ്റുമാത്രം നീണ്ട നിരാശനേരം കഴിഞ്ഞപ്പോൾ ജപ്പാൻകാർ സ്റ്റേഡിയത്തിലങ്ങോളമിങ്ങോളം കർമനിരതരാകുന്നതാണ്. അവർ ഓടിനടന്ന് ചപ്പുചവറുകൾ പെറുക്കിയെടുക്കുന്നു. സോഡക്കുപ്പികൾ, ഓറഞ്ച് തൊലി, ടിഷ്യു പേപ്പർ.... എല്ലാം പാഴ്‌വസ്തുസഞ്ചികളിൽ ഇട്ട് അവർ ശുചീകരണത്തൊഴിലാളികൾക്കു കൈമാറി. അതാണ് ജാപ്പനീസ് ശുചിത്വബോധം. ഒരു സ്ഥലമോ സ്ഥാപനമോ വൃത്തിയാക്കുമ്പോൾ നാം ആ സ്ഥലത്തെ, ആ സ്ഥാപനത്തെ ബഹുമാനിക്കുന്നു എന്നതാണ് ജാപ്പനീസ് ശുചിത്വനയം.
ജപ്പാനിൽ സ്കൂളുകളും പരിസരവും മാത്രമല്ല, ശുചിമുറികളും കുട്ടികൾതന്നെ വൃത്തിയാക്കുന്നു. അവിടത്തെ സ്കൂളുകളിൽ ശുചീകരണം പാഠ്യപദ്ധതിയുടെ ഭാഗമാണ്. കുട്ടികൾ മുതിരുമ്പോഴും ഈ ശീലത്തിനു മാറ്റം വരുന്നില്ല. സ്വന്തം വീടും നാടും വൃത്തിയായി സൂക്ഷിക്കാൻ ഓരോ ജപ്പാൻകാരിയും ജപ്പാൻകാരനും പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടുതന്നെ, ജപ്പാനിലെ തെരുവുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ മറ്റു പൊതുസ്ഥലങ്ങളിലോ ഒരു പൊടിപോലുമില്ല. മിക്കയിടത്തും ചപ്പുചവറുകളിടാനുള്ള പെട്ടികളുമില്ല. കാരണം, അതിന്റെ ആവശ്യമില്ല!
ചൈനക്കാരുടെ പുതുവർഷാഘോഷം ജനുവരി 21നും ഫെബ്രുവരി 20നും ഇടയിലാണു തുടങ്ങുക. അതു 15 ദിവസം നീളും. 2025–ലേത് ജനുവരി 29ന് ആണ് തുടങ്ങുക. വീടിന്റെ സമ്പൂർണ ശുചീകരണം ചൈനീസ് പുതുവത്സരാഘോഷത്തിന്റെ പ്രധാനഭാഗമാണ്. ശുചിത്വമുള്ള വീട്ടിലേക്കും നാട്ടിലേക്കും നല്ലതൊക്കെയേ കടന്നുവരൂ എന്നാണ് അവരുടെ വിശ്വാസം. എന്തൊരു വൃത്തിയുള്ള വിശ്വാസം!
ഈ രാജ്യങ്ങളിലൊക്കെയുള്ളതുപോലെ, ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം’ എന്ന് ഓരോരുത്തരും തീരുമാനിച്ചാൽതന്നെ നമ്മുടെ മാലിന്യശേഖരണ – സംസ്കരണ രംഗം മെച്ചപ്പെടും. മാലിന്യ സംസ്കരണം ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ നമുക്കു കഴിഞ്ഞേതീരൂ. സന്നദ്ധ സംഘടനകളും യുവജന കൂട്ടായ്മകളും വിദ്യാർഥികളുമൊക്കെ ഈ ദൗത്യത്തിൽ അണിനിരക്കുകയും വേണം. ഈ പുതുവർഷത്തെ വൃത്തികൊണ്ടു നമുക്കു വരവേൽക്കാം.