ADVERTISEMENT

കെ‍ാച്ചി കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നുവീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിനു ഗുരുതരമായി പരുക്കേറ്റതു ഞെട്ടലോടെയാണു കേരളം കേട്ടത്. ഇതിനു വഴിവച്ചത് സ്റ്റേജ് നിർമാണത്തിലടക്കമുള്ള കടുത്ത സുരക്ഷാവീഴ്ചകളാണെന്ന വസ്തുത പുറത്തുവന്നുകെ‌ാണ്ടിരിക്കുകയാണ്. അപകടസാഹചര്യത്തിന്റെ മുഖ്യകാരണക്കാരായ സംഘാടകരുടെ മാത്രമല്ല, സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) അധികൃതരുടെ ഭാഗത്തുനിന്നുൾപ്പെടെ സംഭവിച്ച ഗൗരവതരമായ നോട്ടക്കുറവിലേക്കും ഉത്തരവാദിത്തമില്ലായ്മയിലേക്കുംകൂടി ഈ സംഭവം വിരൽചൂണ്ടുന്നു.

ഞായറാഴ്ച വൈകിട്ട് 11,600 നർത്തകർ ഗിന്നസ് റെക്കോർഡിനായി ഒരുമിച്ച ഭരതനാട്യം പരിപാടിക്കിടെയായിരുന്നു ദാരുണമായ അപകടം. ഇത്രയേറെ ആളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ എംഎൽഎയടക്കം ഒരാൾക്കും അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സംഘാടകർ എടുക്കേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. സുരക്ഷാസംവിധാനങ്ങളിൽ തികഞ്ഞ അലംഭാവമാണുണ്ടായതെന്നതിന് ആദ്യതെളിവ് കാണികളുടെ ഇരിപ്പിടത്തിനുമുകളിൽ അശാസ്ത്രീയമായി കെട്ടിയുയർത്തിയ ഉദ്ഘാടനവേദി തന്നെ. 15 അടി ഉയരമുള്ള ഈ വേദിയിൽനിന്നാണ് എംഎൽഎ താഴേക്കുവീണത്.  

uma-thomas-accident-brain-injury-ernakulam

പങ്കെടുക്കാനും സാക്ഷ്യം വഹിക്കാനുമായി സ്റ്റേഡിയത്തിലെത്തിയതു രക്ഷാകർത്താക്കളും അധ്യാപകരും സംഘാടകരും ഉൾപ്പെടെ ഇരുപത്തയ്യായിരത്തോളം പേരാണ്. ഇത്രയേറെ പേർ പങ്കെടുക്കുന്ന പരിപാടിക്കു പ്രാഥമിക സുരക്ഷാസംവിധാനങ്ങൾപോലും ഒരുക്കിയില്ലെന്നതു ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ ഒരു മന്ത്രിയും എഡിജിപിയും സിറ്റി പൊലീസ് കമ്മിഷണറും ഉൾപ്പെടെ മുഖ്യാതിഥികളായി എത്തിയ വേദിയിൽ സുരക്ഷാ ബാരിക്കേഡുകൾ നിർമിച്ചിരുന്നില്ല. ഉയരത്തിൽ നിർമിക്കുന്ന വേദികളിൽനിന്ന് ആളുകൾ വീണ് അപകടമുണ്ടാകാതിരിക്കാൻ ചുറ്റും ഉറപ്പുള്ള ബാരിക്കേഡുകൾ നിർമിക്കണമെന്നതു സുരക്ഷയുടെ ബാലപാഠമാണ്. ഇതിനുപകരം, വിമാനത്താവളങ്ങളിലും മറ്റും തിരക്കു നിയന്ത്രിക്കാൻ കുറ്റികളിൽ നാട വലിച്ചുകെട്ടുന്ന ‘ക്യൂ മാനേജർ’ സംവിധാനമാണുണ്ടായിരുന്നത്.  

ഗാലറിയിലെ ഇരിപ്പിടത്തിനുമുകളിലായി വേദി നിർമിക്കാൻ അനുമതി നൽകിയിരുന്നില്ലെന്ന് ഇപ്പോൾ ആവർത്തിക്കുന്ന ജിസിഡിഎ ചെയർമാൻ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തത് അനധികൃതമായി നിർമിച്ച ഇതേ വേദിയിലിരുന്നാണ്. കായികേതര പരിപാടികൾക്കു സ്റ്റേഡിയം വിട്ടുനൽകുമ്പോൾ അതിനുവേണ്ട സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പുവരുത്താതെപോയതെന്തുകെ‍ാണ്ടാണ്? ജിസിഡിഎയുടെ എൻജിനീയറിങ് വിഭാഗം വേണ്ടത്ര പരിശോധന നടത്തിയിരുന്നെങ്കിൽ സുരക്ഷാവീഴ്ചകൾ മുൻകൂട്ടി കണ്ടെത്താമായിരുന്നില്ലേ? എംഎൽഎയ്ക്ക് അപകടമുണ്ടായശേഷം വേദി പരിശോധിക്കാൻ പാഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പരിപാടിക്കു മുൻപേ ഇതേ ശ്രദ്ധയോടെ വേദി പരിശോധിച്ചിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാമായിരുന്നു.  

സംഗീതപരിപാടികൾ ഉൾപ്പെടെ പതിനായിരങ്ങളെ കുത്തിനിറച്ചുള്ള മെഗാ പരിപാടികൾ നാടെങ്ങും തലങ്ങും വിലങ്ങും നടക്കുമ്പോഴും സുരക്ഷാക്രമീകരണങ്ങളൊരുക്കുക എന്ന അടിസ്ഥാനപാഠം മിക്കപ്പോഴും വിസ്മരിക്കപ്പെടുന്നു. തിരക്കു നിയന്ത്രിക്കാൻ ആവശ്യത്തിനു പൊലീസോ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനും പ്രാഥമിക ചികിത്സയൊരുക്കാനും പരിശീലനം നേടിയവരോ ഇല്ലാതെയാണ് ഇത്തരം പരിപാടികളിലേറെയും നടക്കുന്നത്. ഉമ തോമസിന് അപകടമുണ്ടായപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഗുരുതര പരുക്കേറ്റുകിടന്ന എംഎൽഎയെ കയ്യിലും തോളിലും തൂക്കിയെടുത്ത് ആംബുലൻസിലേക്കു മാറ്റുന്ന രംഗങ്ങൾ ട്രോമ കെയറിന്റെ കാര്യത്തിൽ കേരളത്തിന്റെ പ്രാകൃതാവസ്ഥ എടുത്തുകാട്ടുന്നതായി. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റവരെ ആംബുലൻസിലേക്കു മാറ്റുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടു.  

കഴിഞ്ഞവർഷം നവംബറിൽ കൊച്ചി ‘കുസാറ്റി’ൽ സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നാലു വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽനിന്ന് ആരും ഒന്നും പഠിച്ചില്ലെന്ന വസ്തുതയിലേക്കുകൂടിയാണു ഞായറാഴ്ചത്തെ അപകടം വിരൽചൂണ്ടുന്നത്. സംഘാടകർ വേദി തിരഞ്ഞെടുത്തതിലും തിരക്കു ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിലും കാട്ടിയ അനാസ്ഥയാണ് അന്ന് അപകടത്തിനു വഴിയൊരുക്കിയത്.  

ഉമ തോമസിനെ വൻഅപകടത്തിലേക്കു തള്ളിയിട്ടതിന്റെ ആദ്യ ഉത്തരവാദിത്തം സുരക്ഷാ മുൻകരുതലുകളിൽ വെള്ളം ചേർത്ത സംഘാടകർക്കു തന്നെയാണ്. ഇത്തരം വേദികളിലെ സുരക്ഷാക്രമീകരണങ്ങൾ പരിശോധിച്ചുറപ്പിക്കുന്നതിലും കൃത്യമായ നടപടി സ്വീകരിക്കുന്നതിലും ഗുരുതരവീഴ്ച വരുത്തിയ ജിസിഡിഎയും പൊലീസും ഉൾപ്പെടെയുള്ളവർക്കും കൈകഴുകി മാറിനിൽക്കാനാകില്ല. മേലിൽ ഇത്തരം സുരക്ഷാവീഴ്ചകൾ ആരും ഒരിടത്തും ആവർത്തിക്കരുതാത്തവിധം ഈ സംഭവത്തിന്റെ ഉത്തരവാദികൾക്കെതിരെ കർശനവും മാതൃകാപരവുമായ നടപടികൾ ഉണ്ടാവുകതന്നെവേണം.

English Summary:

The accident of MLA Uma Thomas: Questions raised about security.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com