ADVERTISEMENT

വൈദ്യുതിനിരക്കു കൂട്ടിയും ഇന്ധന സർചാർജ് തുടർന്നും സാധാരണക്കാർക്കു വൈദ്യുതാഘാതം നൽകിക്കെ‍ാണ്ടിരിക്കുന്ന കെഎസ്ഇബി, കായംകുളം താപനിലയത്തിന്റെ പേരിൽ നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) പിടിച്ചുപറിക്കും കെ‍ാള്ളലാഭത്തിനും വിധേയമാകുന്നതു കേട്ടു മൂക്കത്തു വിരൽവച്ചുനിൽക്കുകയാണു ജനം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ചുരുക്കം ചില വർഷങ്ങളിൽ മാത്രം വൈദ്യുതി കിട്ടാൻ കായംകുളം നിലയത്തിനു കെഎസ്ഇബി നൽകിയത് 13,553 കോടി രൂപ. കേരളം ഭരിച്ച സർക്കാരുകൾ ഈ തുകയത്രയും, ജനങ്ങളുടെ നികുതിപ്പണമാണെന്നോർക്കാതെ, കൃത്യമായി നൽകിക്കെ‍ാണ്ടിരിക്കുകയായിരുന്നു.

താപനിലയം സ്ഥാപിക്കാനും പിന്നീടു നടത്തിയ വികസന പ്രവർത്തനത്തിനും ഉൾപ്പെടെ എൻടിപിസിക്ക് ഇതുവരെ ആകെ ചെലവായ 1270 കോടി രൂപയുടെ പത്തിരട്ടിയിലധികമാണ് താങ്ങാനാകാത്ത വിലയ്ക്കു വൈദ്യുതി നൽകിയും വൈദ്യുതി നൽകാത്ത വർഷങ്ങളിൽ ഫിക്സഡ് ചാർജ് ഇനത്തിലുമായി എൻടിപിസി കെഎസ്ഇബിയിൽനിന്നു പിടിച്ചുപറിച്ചത്. ജനത്തിനുമേൽ കെഎസ്ഇബി ചുമത്തിക്കെ‍ാണ്ടിരിക്കുന്ന വൈദ്യുതിനിരക്കിന്റെ കഠിനഭാരത്തോടെ‌ാപ്പം എൻടിപിസിക്കുള്ള ഈ ഉദാരധനവിതരണംകൂടി ചേർത്തുവയ്ക്കേണ്ടതുണ്ട്. ഏറ്റവുമെ‍‍ാടുവിലായി യൂണിറ്റിന് 16 പൈസ കൂട്ടിയെന്നു മാത്രമല്ല, അടുത്ത സാമ്പത്തികവർഷം 12 പൈസയുടെ വർധന കൂടിയുണ്ടാകും. പുതുവർഷത്തിലും വൈദ്യുതി ബില്ലിൽ 9 പൈസ ഇന്ധന സർചാർജ് തുടരാനും തീരുമാനമായി. ഇതിനുപുറമേ, കെഎസ്ഇബി സ്വന്തംനിലയിൽ ഈടാക്കുന്ന 10 പൈസ കൂടി ചേരുമ്പോൾ ആകെ സർചാർജ് 19 പൈസയാകും.  

സംസ്‌ഥാനത്തെ ജലവൈദ്യുത പദ്ധതികൾക്കു കേരളത്തിന്റെ വർധിച്ച ആവശ്യം നിറവേറ്റാനാവാത്ത സാഹചര്യത്തിൽ ഏറെ ഊർജപ്രതീക്ഷകൾ നൽകിയാണ് 1998ൽ കായംകുളത്തു താപനിലയം കമ്മിഷൻ ചെയ്തതെങ്കിലും ഇപ്പോൾ നമുക്കു വലിയ സാമ്പത്തിക ഭാരമാണതു വരുത്തിവയ്ക്കുന്നത്. വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും പണംവാങ്ങുന്ന ഒരു സ്ഥാപനത്തിൽ ഇനിയെങ്ങനെയാണു പ്രതീക്ഷ വയ്ക്കാൻകഴിയുക?  

തുടക്കകാലത്ത് കുറഞ്ഞ നിരക്കിലാണ് കായംകുളം താപനിലയം വൈദ്യുതി നൽകിയിരുന്നത്. എന്നാൽ, ഈ നിലയത്തിലെ പ്രധാന ഇന്ധനമായ നാഫ്തയുടെ വില വർധിച്ചതോടെ ഉൽപാദനച്ചെലവു കൂടി. കമ്മിഷൻ ചെയ്ത് 5– 6 വർഷങ്ങൾക്കുള്ളിൽതന്നെ കായംകുളം നിലയത്തിലെ വൈദ്യുതിയുടെ വില പലമടങ്ങു വർധിച്ച് യൂണിറ്റിന് 12 രൂപയ്ക്കു മുകളിലായി. പകൽ രണ്ടു രൂപയിൽ താഴെ നിരക്കിലും പീക്ക് സമയത്തുപോലും പരമാവധി 10 രൂപയിൽ താഴെ നിരക്കിലും വൈദ്യുതി ലഭ്യമാകുന്ന കാലത്ത് യൂണിറ്റിന് 15–20 രൂപ നിരക്കിൽ വൈദ്യുതി നൽകുന്ന കായംകുളം നിലയം നമുക്ക് ഉപകാരപ്പെടാതെ പോകുകയായിരുന്നു.

എന്നാൽ, ഒരു യൂണിറ്റ് വൈദ്യുതിപോലും നൽകാതെ കഴിഞ്ഞ 4 വർഷം മാത്രം കായംകുളം താപനിലയം കെഎസ്ഇബിയിൽനിന്നു ഫിക്സഡ് ചാർജ് ആയി ഈടാക്കിയത് 400 കോടി രൂപയാണ്! വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും നൽകേണ്ട നിരക്കാണിത്. 2019ൽ കരാർ പുതുക്കുന്നതുവരെ വാർഷിക ഫിക്സഡ് ചാർജ് ആയി നൽകിയിരുന്ന 204 കോടി രൂപ 100 കോടിയായി കുറയ്ക്കുകയായിരുന്നു. ലഭിക്കാത്ത വൈദ്യുതിക്കു കായംകുളം താപനിലയത്തിനു ഫിക്സഡ് ചാർജ് നൽകുന്ന കരാർ അടുത്തമാസം 28ന് അവസാനിക്കും. കരാർ വീണ്ടും പുതുക്കിയില്ലെങ്കിൽ കുറഞ്ഞ നിരക്കിൽ ഒഡീഷയിലെ താൽച്ചർ എൻടിപിസി പ്ലാന്റിൽനിന്നു ലഭ്യമാക്കുന്ന 180 മെഗാവാട്ട് വൈദ്യുതി നിർത്തലാക്കുമെന്ന ഭീഷണിയുമായി എൻടിപിസി സംസ്ഥാന വൈദ്യുതി വകുപ്പിനു കത്തയച്ചിരിക്കുകയാണ്. അടുത്ത 5 വർഷംകൂടി കരാർ പുതുക്കണമെന്നാണ് എൻടിപിസിയുടെ ആവശ്യം.

തുടർനിരക്കുവർധനയുടെ ഷോക്ക് ശീലമായിക്കഴിഞ്ഞ ജനം എൻടിപിസിയുടെ ഈ പിടിച്ചുപറിയും അതിനു കീശ കാണിച്ചുകെ‍ാടുക്കുന്ന കെ എസ്ഇബിയുടെ നിലപാടും കണ്ടുകെ‌ാണ്ടിരിക്കുകയാണെന്നു സർക്കാർ ഓർക്കണം. അങ്ങനെയെ‍ാരു ഓർമ സർക്കാരിന് ഇല്ലാതെപോയതുകെ‍ാണ്ടാണ് ഇത്രയുംകാലം ഈ ഇടപാട് സുഗമമായി ഇവിടെ നടന്നത്.

English Summary:

Editorial: KSEB's exorbitant electricity costs from the Kayamkulam Thermal Power Plant are under scrutiny, with allegations of collusion between KSEB and NTPC leading to massive financial burdens on the public.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com