ഡയറിക്കുറിപ്പുകൾ വ്യാജമെന്ന് ആദായ നികുതി വകുപ്പ്
Mail This Article
ബെംഗളൂരു∙ കർണാടക ബിജെപി അധ്യക്ഷൻ യെഡിയൂരപ്പ പാർട്ടിയിലെ ഉന്നതർക്ക് 1800 കോടി രൂപ കൊടുത്തതിന്റെ തെളിവെന്ന പേരിൽ പുറത്തുവന്ന ഡയറിക്കുറിപ്പുകൾ വ്യാജമെന്ന് ആദായനികുതി വകുപ്പ്. ഈ ഡയറി പേജുകൾ നേരത്തേ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഇല്ലാത്തതാണെന്ന് ആദായനികുതിവകുപ്പ് ഡയറക്ടർ ജനറൽ (കർണാടക, ഗോവ) ബി.ആർ. ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രേഖകൾ കെട്ടിച്ചമച്ചതാണെന്നാണു നിഗമനം.
ഏതാനും ചില പേജുകളല്ലാതെ ഡയറിയാണെന്ന തെളിവു പോലും ലഭിച്ചില്ല. മറ്റു ചില അന്വേഷണങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ അതെക്കുറിച്ചു വിശദീകരിച്ചില്ല.
ഡയറി പേജുകളുടെ ഫൊട്ടോകോപ്പികൾ മന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിൽ 2017ൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തതാണ്. എന്നാൽ ഒപ്പോ കൈപ്പടയോ യെഡിയൂരപ്പയുടേതാണെന്നു തെളിയിക്കാൻ ഫൊറൻസിക് പരിശോധനയിൽ കഴിഞ്ഞില്ല. ശരിയായ രേഖകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം പുരോഗമിക്കൂ.
എന്നാൽ രേഖകളുടെ സ്രോതസ് ആരെങ്കിലും വെളിപ്പെടുത്തുകയോ യഥാർഥമായവ ഹാജരാക്കുകയോ ചെയ്തില്ല, മന്ത്രിയുടെ വസതിയിലെ റെയ്ഡിന്റെ തുടർ നടപടിയായി 75 കോടിയുടെ ബെനാമി വസ്തുവകകൾ പിടിച്ചെടുക്കാൻ നീക്കം തുടങ്ങിയതായും ശിവകുമാറിന്റെ പേരു പറയാതെ ബാലകൃഷ്ണൻ സൂചിപ്പിച്ചു. ആദായ നികുതിവകുപ്പിന്റെ കഴിഞ്ഞവർഷത്തെ പ്രവർത്തനത്തെക്കുറിച്ചു വിശദീകരിക്കാനാണെന്ന് അറിയിച്ചാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചത്.
ഡയറി വ്യാജമാണെന്ന് ആദായനികുതി വകുപ്പ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കോൺഗ്രസ് മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.