ഗുരുജിക്ക് ഒരു വോട്ട്! ഒൻപതാം അങ്കത്തിന് ഷിബു സോറൻ
Mail This Article
റാഞ്ചി∙ ഡുകയിൽ ഒൻപതാം വിജയം തേടി ജാർഖണ്ഡ് മുക്തിമോർച്ച തലവൻ ഷിബു സോറൻ വീണ്ടും അങ്കത്തിന് ഇറങ്ങുന്നു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ആഞ്ഞുവീശിയ മോദി തരംഗത്തിലും വീഴാതെ പിടിച്ചുനിന്ന ഡുംകയിൽ ഇക്കുറിയും അൽഭുതമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.
ആദിവാസികളുടെ ഗുരുജിയെന്നറിയപ്പെടുന്ന ഷിബു സോറനെ നേരിടാൻ ബിജെപി രംഗത്തിറക്കിയിരിക്കുന്നതാകട്ടെ സോറൻ കുടുംബത്തിൽ നിന്നുള്ള മുൻ എംഎൽഎ സുനിൽ സോറനെയും. ഷിബുവിന്റെ സഹോദരനായ ദുർഗാ സോറന്റെ മകനായ സുനിൽ രണ്ടാം തവണയാണ് ഡുംകയിൽ ഗുരുജിക്കെതിരെ മൽസരിക്കുന്നത്.
സംവരണ സീറ്റായ ഡുംക ജെഎംഎമ്മിന്റെ ശക്തികേന്ദ്രമാണ്. ജെഎംഎം പിന്തുണയില്ലാതെ ആരും ഡുംകയിൽ നിന്നു വിജയിച്ചിട്ടുമില്ല. എന്നാൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് ബിജെപി യുടെ അവകാശവാദം.
കഴിഞ്ഞതവണ ജെഎംഎം, കോൺഗ്രസ്, വികാസ് മോർച്ച കക്ഷികൾ വേറിട്ട് മൽസരിച്ചെങ്കിലും ഷിബു സോറനെ വീഴ്ത്താൻ കഴിയാത്തവർക്ക് ഇത്തവണ വിശാലസഖ്യത്തിന്റെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പോലും കഴിയില്ലെന്നാണ് യുപിഎയുടെ വിലയിരുത്തൽ.