അയോധ്യയിൽ ശ്രീരാമന്റെ പ്രതിമ അനാവരണം ചെയ്തു
Mail This Article
അയോധ്യ ∙ നഗരത്തിലെ സർക്കാർ മ്യൂസിയമായ രാംകഥാ സംഗ്രാലയയിൽ സ്ഥാപിച്ച ശ്രീരാമന്റെ പ്രതിമ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാവരണം ചെയ്തു. 7 അടി ഉയരമുള്ളതാണ് തടിയിൽ തീർത്ത പ്രതിമ. കർണാടക സംസ്ഥാന ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് എംപോറിയത്തിൽ നിന്നു യുപി സർക്കാർ കൊണ്ടുവന്നതാണ് പ്രതിമ.
രാം ലല്ല ക്ഷേത്രത്തിലെത്തി തൊഴുതശേഷം അദ്ദേഹം ഹനുമാൻഗഡി ക്ഷേത്രം സന്ദർശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ജന്മദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തു. രാമക്ഷേത്ര നിർമാണത്തിന് തുറന്ന പിന്തുണ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു യോഗിയുടെ സന്ദർശനം.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 18 എംപിമാരുമായി ശിവസേനാ മേധാവി ഉദ്ധവ് താക്കറെ 16ന് ഇവിടെ വരുന്നുണ്ട്. മുൻസർക്കാരുകൾ ശ്രീരാമനിൽ നിന്ന് അകലം പാലിച്ചിരുന്നുവെന്നും ശ്രീരാമൻ രാജ്യത്തിന്റെ പ്രതീകമാണെന്നും രാമക്ഷേത്രം നിർമിക്കണമെന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആദ്യപകർപ്പിൽ ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നുവെന്നും യോഗി പറഞ്ഞു.