ADVERTISEMENT

കൊൽക്കത്ത ∙ ഹൂബ്ലി നദിയിൽ ‘ഹൗഡിനി വിദ്യ’ എന്നറിയപ്പെടുന്ന രക്ഷപ്പെടൽ മാജിക് കാണിക്കുന്നതിനിടെ കാണാതായ യുവമാന്ത്രികൻ ചഞ്ചൽ ലാഹിരിക്കു (40) വേണ്ടി തിരച്ചിൽ തുടരുന്നു.

100 വർഷം മുൻപ് അമേരിക്കൻ മജീഷ്യൻ ഹാരി ഹൗഡിനി പ്രശസ്തമാക്കിയ സാഹസിക ഇനം അനുകരിക്കുന്നതിനിടെയാണ് മാൻഡ്രേക്ക് എന്നറിയപ്പെടുന്ന യുവാവ് അപകടത്തിൽപെട്ടത്. 

മാന്ത്രികനെ കൈകാലുകൾ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങൾക്കകം പൂട്ടെല്ലാം പൊളിച്ച് അദ്ദേഹം രക്ഷപ്പെടുന്നതാണു മാജിക്. 2013 ലും ഹൂബ്ലി നദിയിൽ ലാഹിരി ഇതേ ഇനം അവതരിപ്പിച്ചെങ്കിലും രക്ഷപ്പെടുന്ന സൂത്രവിദ്യ കാഴ്ചക്കാർ മനസിലാക്കിയതോടെ നമ്പർ പൊളിഞ്ഞു. 

ഞായറാഴ്ച ഉച്ചയ്ക്ക് ഒട്ടേറെപ്പേരെ സാക്ഷിയാക്കിയായിരുന്നു പ്രകടനം. ലാഹിരിയെ ബോട്ടിൽ നദീ മധ്യത്തിലെത്തിച്ച ശേഷം കൈകാലുകൾ ചങ്ങല ഉപയോഗിച്ചു പൂട്ടി.

തുടർന്ന് ഹൗറ പാലത്തിൽനിന്ന് ക്രെയിൻ ഉപയോഗിച്ചാണു നദിയിലേക്ക് ഇറക്കിയത്. 10 മിനിറ്റിനു ശേഷവും മജീഷ്യൻ വെള്ളത്തിൽ നിന്ന് ഉയർന്നു വരാഞ്ഞതോടെ ആളുകൾ പരിഭ്രാന്തരായി.

ഇവരാണു പൊലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസും ദുരന്തനിവാരണ വിഭാഗവും തിരച്ചിൽ ആരംഭിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ ആളെ കണ്ടെത്താനായില്ല.

മാജിക് നടത്തുന്നതിനു പൊലീസിൽ നിന്നും കൊൽക്കത്ത പോർട് ട്രസ്റ്റിൽ നിന്നും ലാഹിരി അനുമതി നേടിയിരുന്നു. 

‘എസ്കേപ് ’ അപകടങ്ങൾ കേരളത്തിലും 

പന്തളത്ത് ഫയർ എസ്കേപ് നടത്തുന്നതിനിടെ ഓട്ടോ‍ഡ്രൈവർ കൂടിയായ മജീഷ്യൻ സണ്ണി ജോർജ് മരിച്ചത്  2000 ലെ ക്രിസ്മസ് രാത്രിയാണ്.

ശരീരം ചങ്ങല കൊണ്ടു ബന്ധിച്ച ശേഷം കത്തുന്ന കച്ചിക്കൂനയിലേക്കു തലകീഴായി കെട്ടിയിറക്കപ്പെട്ട സണ്ണിക്കു രക്ഷപ്പെടാനായില്ല. 

സാഹസിക നീന്തൽതാരം കരുനാഗപ്പള്ളി സ്വദേശി ശ്യാം എസ്. പ്രബോധിനി 2005 ഒക്ടോബറിൽ ശരീരം ബന്ധിച്ചു നീന്തുന്നതിനിടെ അപകടത്തിൽ മരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com