സാമ്പത്തിക വളർച്ചയ്ക്ക് ഉതകുന്ന ബജറ്റെന്ന് വിദ്ഗധർ
Mail This Article
വളർച്ചയും നിക്ഷേപവും തിരിച്ചുപിടിക്കും; കയറ്റുമതിക്ക് പ്രോത്സാഹനമില്ല
(വി.കെ. മാത്യൂസ് - എക്സിക്യൂട്ടീവ് ചെയർമാൻ, ഐബിഎസ്)
∙ ഭാവി മുന്നിൽക്കണ്ടുള്ള സന്തുലിത ബജറ്റ്. വളർച്ചയും നിക്ഷേപവും തിരിച്ചുപിടിക്കാനുള്ള നടപടികളുണ്ട്.
∙ എല്ലാവർക്കും വീടും വൈദ്യുതിയും വെള്ളവും പാചകവാതകവും ഉറപ്പാക്കാനുള്ള പദ്ധതികളും 1.25 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകളും ഡിജിറ്റൽ വില്ലേജ് പദ്ധതിയും ഗ്രാമവികസനത്തിനു കുതിപ്പേകും.
∙ ഗ്രാമീണ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള പ്രോത്സാഹനവും ഏയ്ഞ്ചൽ നിക്ഷേപത്തിനുള്ള നികുതിയിളവും സ്വാഗതാർഹം.
∙ ഓഹരിവിൽപന നാശത്തിലുള്ള എയർ ഇന്ത്യ ഉൾപ്പെടെയുള്ളവയ്ക്കു പുതുജീവനേകും. പുതിയ തൊഴിലവസരങ്ങളുമുണ്ടാകും.
∙ 400 കോടി വരെ വിറ്റുവരവുള്ള കമ്പനികളുടെ കോർപറേറ്റ് നികുതി 25 % ആയി കുറച്ചതു നല്ല തീരുമാനം. സിംഗപ്പൂർ പോലെ ചില രാജ്യങ്ങളിൽ മാത്രമേ ഇതിലും കുറഞ്ഞ നിരക്കുള്ളൂ.
∙ ഡീസൽ, പെട്രോൾ വില കൂട്ടിയത് സാധാരണക്കാരെ ബാധിക്കും. വിലക്കയറ്റം രൂക്ഷമാകും.
∙ കയറ്റുമതിക്കു പ്രോത്സാഹനമില്ല. നിലവിൽ ഓരോ മാസത്തെയും ഇറക്കുമതി കയറ്റുമതിയേക്കാൾ ഒരു ലക്ഷം കോടി രൂപ കൂടുതലാണ്. 90 കോടി ജനങ്ങൾ ജോലി ചെയ്യുന്ന രാജ്യത്ത് കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ നികുതിയിളവ് ഉൾപ്പെടെ വേണ്ടതായിരുന്നു.
∙ സ്വർണത്തിനുൾപ്പെടെയുള്ള ഇറക്കുമതി തീരുവ വർധന കള്ളക്കടത്ത് കൂട്ടും.
പരിഷ്കാരങ്ങൾ ഘടനാപരം, വകയിരുത്തലിൽ അവ്യക്തത
(ലേഖ എസ്. ചക്രവർത്തി - പ്രഫസർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി, ന്യൂഡൽഹി)
∙ സാമ്പത്തിക വളർച്ചയ്ക്കുതകുന്ന ഘടനാപരമായ പരിഷ്കാരങ്ങൾ.
∙ പത്തിന നയപദ്ധതി സ്വാഗതാർഹം; കണക്ടിവിറ്റിക്കുള്ള മുൻതൂക്കം നല്ലത്.
∙ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും വിദേശ ധനകാര്യ നിക്ഷേപകർക്കുമുള്ള മുൻഗണന ഗുണകരം.
∙ ഓരോ നിർദേശങ്ങൾക്കുമായി വകയിരുത്തൽ എത്രയെന്നു വ്യക്തമല്ല.
∙ ‘ബ്ലൂ ഇക്കോണമി’യെക്കുറിച്ചു പരാമർശമുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ പരിഗണിച്ചുള്ള വ്യക്തമായ രൂപരേഖയില്ല.
∙ നികുതിയിതര വരുമാനം വർധിപ്പിക്കുന്നതിനെക്കുറിച്ചും വ്യക്തതയില്ല.
പ്രോൽസാഹനമുണ്ട്, പുതുമയില്ല
(പ്രഫ. രുദ്ര സെൻ ശർമ, ഐഐഎം– കോഴിക്കോട്)
∙ 400 കോടി വരെ വരുമാനമുള്ള കമ്പനികൾക്കുള്ള നികുതിയിളവ് നല്ലത്. എല്ലാ കമ്പനികൾക്കുമാക്കിയാൽ കൂടുതൽ നന്നായേനെ.
∙ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വായ്പയിലെ നികുതിയിളവ് നിക്ഷേപം കൂട്ടും; പരിസ്ഥിതി സൗഹൃദപരവുമാണ്.
∙ ഭവന വായ്പയ്ക്കുള്ള നികുതിയിളവ് നിർമാണരംഗത്തു തൊഴിലവസരം കൂട്ടും.
∙ 5 ലക്ഷം കോടി ഡോളർ ജിഡിപി ലക്ഷ്യം ആവർത്തിക്കുന്നതല്ലാതെ പുതുമയുള്ള നിർദേശങ്ങളൊന്നുമില്ല
ലക്ഷ്യബോധമുണ്ട്; ചില നിർദേശങ്ങൾ അപ്രായോഗികം
(ഡോ.വി.കെ വിജയകുമാർ - ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
∙ പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി നൽകുന്നതു നല്ല നടപടിയാണ്; തുക കുറവെങ്കിലും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഗാരന്റിയോടെ വായ്പ നൽകുന്നതു വാഹന, ഗൃഹോപകരണ വായ്പകൾ കൂട്ടും.
∙ പാൻ, ആധാർ എന്നിവയിലൊന്നു മതിയെന്ന തീരുമാനം ധനകാര്യ ഇടപാടുകളിലെ അച്ചടക്കം കൂട്ടും.
∙ ആദായ നികുതി കണക്കാക്കാനുള്ള ഓട്ടമേറ്റഡ് രീതി അഴിമതി ഒഴിവാക്കും.
∙ പാവങ്ങൾക്കായി 1.95 കോടി വീടുകൾ, 2022നകം എല്ലാവർക്കും വൈദ്യുതിയും പാചകവാതകവും തുടങ്ങിയവ നല്ലത്.
∙ 2 കോടിയിലേറെ വാർഷിക വരുമാനമുള്ളവർക്ക് അധിക സർചാർജ് ഏർപ്പെടുത്തിയത് മൂലധനം പുറത്തേക്കു പോകാനേ ഇടവരുത്തൂ. വൻകിട കമ്പനികളിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും ശമ്പളം 2 കോടിയിലേറെയുണ്ട്.
∙ കമ്പനികളുടെ ഓഹരിയിൽ 35 % പൊതുജനത്തിനു നൽകണമെന്ന നിർദേശം എങ്ങനെ പ്രായോഗികമാക്കുമെന്നറിയില്ല.
∙ പൊതുമേഖലാ ഓഹരി വിൽപനയിൽ വ്യക്തത ഇല്ല. പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ ഓഹരി 51 % ആക്കി കുറയ്ക്കാനുള്ള നിർദേശവും അങ്ങനെതന്നെ.
∙ തൊഴിൽ നിയമ പരിഷ്ക്കരണവും ഭൂമി ഏറ്റെടുക്കൽ നടപടികളിലെ ലഘൂകരണവും സംബന്ധിച്ച വിശദാംശങ്ങളില്ല. ഇവയാണു നിക്ഷേപം കൂട്ടാൻ ഏറ്റവും ആവശ്യം.
∙ ധനക്കമ്മി 3.3% ആയി കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു. നിലവിൽ 3.4% മാത്രമെന്ന വാദം തന്നെ തർക്കത്തിലാണ്.