നിശ്ശബ്ദനായി.... വിതുമ്പി അഡ്വാനി
Mail This Article
ന്യൂഡൽഹി ∙ വലംകൈ നഷ്ടപ്പെട്ട പടനായകന്റെ ദുഃഖമായിരുന്നു അഡ്വാനിയുടേത്. സുഷമ സ്വരാജിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വീട്ടിലും ലോധി റോഡ് ശ്മശാനത്തിലുമെത്തിയ അഡ്വാനി അതീവ ദുഃഖിതനായിരുന്നു.
മൃതദേഹത്തിനു മുൻപിൽ അദ്ദേഹം നിറകണ്ണുകളോടെ മൗനിയായിരുന്നു. ജനപഥിലെ വീട്ടിൽ അഡ്വാനിയോടൊപ്പമെത്തിയ മകൾ പ്രതിഭ സുഷമയുടെ മകൾ ബാംസുരിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതു കണ്ടുനിന്ന സ്വരാജ് കൗശലും വിതുമ്പി.
ഓരോ പിറന്നാളിനും തനിക്കേറ്റം ഇഷ്ടപ്പെട്ട ചോക്കലേറ്റ് കേക്കുമായി വരുന്ന സുഷമയെ അഡ്വാനി അനുസ്മരിച്ചു. രാഷ്ട്രീയ നേതാവെന്നതിലുപരി വലിയ മനസ്സുള്ള വ്യക്തിയായിരുന്നു. തന്റെ ഏറ്റവും അടുത്ത സഹപ്രവർത്തകയായിരുന്നു സുഷമയെന്ന് അദ്ദേഹം അനുസ്മരിച്ചു.
എൺപതുകളിൽ ബിജെപി പ്രസിഡന്റായിരുന്ന കാലത്ത് അന്നത്തെ തിളങ്ങുന്ന യുവനേതാവായിരുന്ന സുഷമയെ ടീമിലുൾപ്പെടുത്തി. ഓരോ വനിതാ നേതാവിനും മാതൃകയായിരുന്നു സുഷമ.
മികച്ച പ്രസംഗകയായിരുന്ന സുഷമ കാര്യങ്ങൾ ഓർത്തെടുത്ത് വ്യക്തമായും ശക്തമായും അവതരിപ്പിക്കുന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് അഡ്വാനി കുറിച്ചു. ലോധി റോഡ് ശ്മശാനത്തിൽ സുഷമ സ്വരാജ് ഓർമകളിലേക്കു മറയുമ്പോൾ കൂപ്പു കൈകളോടെ അഡ്വാനിയും സാക്ഷിയായി.