കണ്ണീരണിഞ്ഞ് മോദി; സല്യൂട്ട് ചെയ്ത് ഭർത്താവും മകളും
Mail This Article
ന്യൂഡൽഹി ∙ സുഷമ സ്വരാജിന്റെ ഭൗതികശരീരത്തിനു മുന്നിൽ കണ്ണീരണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനപഥിലെ സുഷമയുടെ വസതിയിൽ ഇന്നലെ രാവിലെ അന്തിമോപചാരമർപ്പിക്കാൻ എത്തിയ മോദി ഏറെ നേരം സ്വരാജ് കൗശലിനോടു സംസാരിച്ചു. ഇതിനിടെ പലവട്ടം കണ്ണു നിറഞ്ഞു. കൗശലിനെയും മകളെയും അദ്ദേഹം ആശ്വസിപ്പിച്ചു.
ബിജെപി ആസ്ഥാനത്തു ഭൗതികശരീരത്തിൽ ദേശീയ പതാക പുതപ്പിച്ചപ്പോൾ സുഷമയുടെ ഭർത്താവ് സ്വരാജ് കൗശലും മകൾ ബാംസുരിയും പൊട്ടിക്കരഞ്ഞു കൊണ്ടു സല്യൂട്ട് ചെയ്തു.
മൂന്നു മണിയോടെ മന്ത്രിമാരായ രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ തുടങ്ങിയവർ ചേർന്ന് മഞ്ചം പുറത്തേക്കെടുത്തു. മൂന്നരയോടെ ലോധി റോഡ് ശ്മശാനത്തിലേക്ക് പുറപ്പെട്ടു. സ്മൃതി ഇറാനി ആദ്യന്തം ഒപ്പമുണ്ടായിരുന്നു.
മകൾ അന്ത്യകർമങ്ങൾ ചെയ്തു. സുഷമയുടെ ദേഹം വൈദ്യുതി ശ്മശാനത്തിലേക്കു നീക്കിയപ്പോൾ പുറത്തു നിന്നവർ മുദ്രാവാക്യം മുഴക്കി: സുഷമാജി അമർ രഹേ...