‘തലയെടുപ്പോടെ’ ഗാന്ധിജി; ലണ്ടനിലെ തിളക്കമേറിയ അപൂർവശിൽപം
Mail This Article
ലണ്ടൻ ∙ യുകെ പാർലമെന്റ് സ്ഥിതി ചെയ്യുന്നു വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിനു മുന്നിലെ ലോകനേതാക്കളുടെ പ്രതിമകളിൽ ഏറ്റവും ‘തലയെടുപ്പ്’ മഹാത്മാ ഗാന്ധിയുടേതിനെന്നു വിഖ്യാത സ്കോട്ടിഷ് കലാകാരൻ ഫിലിപ് ജാക്സൺ. തന്റെ വാദത്തെ സമാധാന മാർഗങ്ങളിലൂടെ വിജയത്തിലെത്തിക്കാമെന്നു തെളിയിച്ച ഗാന്ധിജി, അസ്വസ്ഥമായ ലോകത്തിനു പിന്തുടരാവുന്ന മാതൃകയാണെന്നും ലണ്ടൻ പാർലമെന്റ് സ്ക്വയറിലെ ഗാന്ധിപ്രതിമയുടെ ശിൽപിയായ ജാക്സൺ പറയുന്നു.
1931ൽ ബ്രിട്ടനിൽ വട്ടമേശ സമ്മേളനത്തിനു ഗാന്ധിജി എത്തിയതിനെ അടിസ്ഥാനമാക്കിയുള്ളതാണു ശിൽപം. 10 ഡൗണിങ് സ്‌ട്രീറ്റിന്റെ പശ്‌ചാത്തലത്തിലുള്ള ഗാന്ധിജിയുടെ ഫോട്ടോ കണ്ടാണ് ജാക്സൺ വെങ്കലപ്രതിമ തീർത്തത്. ഏബ്രഹാം ലിങ്കൺ, നെൽസൺ മണ്ടേല, വിൻസ്റ്റൺ ചർച്ചിൽ എന്നിവർ അടക്കം 12 പ്രമുഖരുടെ പ്രതിമകളാണു പാർലമെന്റ് സ്ക്വയറിനെ അലങ്കരിക്കുന്നത്.
മറ്റു പ്രതിമകളുടെ കീർത്തിയും ജനപ്രീതിയും കാലങ്ങൾക്കൊണ്ടു മങ്ങിയപ്പോൾ ഗാന്ധിജിയോടുള്ള ബഹുമാനം കൂടുകയാണുണ്ടായതെന്നും എഴുപത്തഞ്ചുകാരനായ ജാക്സൺ പറയുന്നു. കലാരംഗത്തെ സംഭാവനകൾക്ക് 2009ൽ എലിസബത്ത് രാജ്ഞി ജാക്സണെ ആദരിച്ചിട്ടുണ്ട്.