ADVERTISEMENT

ജനിച്ച മണ്ണും വിവിധ കർമഭൂമികളും ഗാന്ധിജിയെ ഓർക്കുന്നതെങ്ങനെ, അഥവാ, അദ്ദേഹത്തെ മറന്നുകൊണ്ടിരിക്കുന്നത് എങ്ങനെ...?

പോർബന്തർ: ഗാന്ധിജിയിൽനിന്ന് അകന്നകന്ന്

ഗാന്ധിജി ജനിച്ച പോർബന്തറിലെ വീട് ഇന്നു ‘കീർത്തി മന്ദിർ’ എന്ന സ്മാരകമാണ്. പ്രധാന പാതയോരങ്ങളിലെല്ലാം അവിടേക്കുള്ള ദൂരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതുതലമുറയ്ക്ക് അതു പേരു സൂചിപ്പിക്കുംപോലെ ഏതോ ക്ഷേത്രം; ഏറെ അകലെയല്ലാത്ത സോമനാഥ്, ദ്വാരക ക്ഷേത്രങ്ങൾ പോലെ പ്രശസ്തമല്ലാത്ത ഒന്ന്. കീർത്തി മന്ദിറിൽ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുണ്ടെങ്കിലും അവിടെയെത്തുന്ന നാട്ടുകാർ ചുരുക്കം. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ളവർ എത്താറുണ്ട്. മലയാളം വാക്കുകൾ ഉച്ചരിക്കപ്പെടാത്ത ഉച്ചനേരങ്ങൾ കുറവ്.

porbandar-Kirti-mandir
കീർത്തി മന്ദിറിന്റെ കവാടം.

ഗാന്ധിജി ജനിച്ച സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും കീർത്തി മന്ദിറിന്റെ വിശാലതയിൽ സന്ദർശകരുടെ ശ്രദ്ധയിൽപെട്ടേക്കില്ല. ഇരുനൂറിലേറെ വർഷം മുൻപു ഗാന്ധിജിയുടെ മുതുമുത്തച്ഛൻ ഹർജീവൻ റായ്ദാസ് ഗാന്ധി വാങ്ങിയതാണു കെട്ടിടം. മൂന്നുനില വീടിനോടുചേർന്നു സ്മൃതിമന്ദിരത്തിന് 1947ൽ ആണു തറക്കല്ലിട്ടത്. രേഖകൾ ഗാന്ധിജി തന്നെയാണ് ഒപ്പിട്ടു കൈമാറിയത്. അഹിംസയ്ക്ക് ഒരു സ്മാരകം വേണമെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം. എന്നാൽ, പൂർത്തിയായിക്കാണാൻ അവസരമുണ്ടായില്ല. 1950 മേയ് 27ന് അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ് ഭായ് പട്ടേലാണു കീർത്തി മന്ദിർ തുറന്നുകൊടുത്തത്.

ഇന്നത്തെ പോർബന്തർ ഗാന്ധിജിയുടേതല്ല. അഹിംസ ജീവിതവ്രതമാക്കിയ മനുഷ്യന്റെ നാട് അധോലോക ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയിൽ ചോര വാർക്കുന്നു. തീരമേഖലയിലെ ഖനനത്തിന്റെയും അതിന്റെ കടത്തിന്റെയും കുത്തക പിടിക്കാൻ തുടങ്ങിയ അധോലോകപ്പോരിന് ഇപ്പോൾ പണ്ടത്തെയത്ര തീവ്രതയില്ലെങ്കിലും പണവും രാഷ്ട്രീയശക്തിയും തന്നെ അവസാനവാക്ക്.

porbandar
ഗാന്ധിജിയുടെ ജന്മഗൃഹമായ കീർത്തി മന്ദിർ. ചിത്രം: മനോരമ

ഒക്ടോബർ രണ്ട് ലോകം മുഴുവൻ ആഘോഷിക്കുമ്പോഴും പോർബന്തറിൽ അതു പതിവുദിവസം പോലെ മാത്രം. ചടങ്ങു പോലെ രാഷ്ട്രീയക്കാരുടെ വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തും. ടൈൽ പാകിയ മുറ്റത്ത് ‘ഗാന്ധിജി അമർ രഹേ’ എന്നോ മറ്റോ ചെറിയ ആരവങ്ങളും ഭജനയും; തീർന്നു. സേവന വാരം കേട്ടുകേൾവി പോലുമില്ല.

വാർധ: ആരും കേൾക്കാത്ത വിലാപങ്ങൾ

ദണ്ഡിയാത്രയ്ക്കു പിന്നാലെ പുണെ യേർവാഡ ജയിലിലായ ഗാന്ധിജി, രണ്ടുവർഷത്തിനു ശേഷം മോചിതനായപ്പോൾ സബർമതിയിലേക്കു മടങ്ങേണ്ടെന്നും മധ്യ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമെന്നും തീരുമാനിച്ചു. അങ്ങനെയാണു മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത് വാർധയിൽ സേവാഗ്രാം പിറന്നത്. വാർധ പട്ടണത്തിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ഷേഗാവാണ് അദ്ദേഹം തിരഞ്ഞെടുത്തത്; പാമ്പുകൾ നിറഞ്ഞ കുറ്റിക്കാട്. വ്യവസായിയായ അനുയായി ജമ്നാലാൽ ബജാജാണ് നൂറേക്കറിലേറെ സ്ഥലം  കൈമാറിയത്. ഗാന്ധിജി ആദ്യം താമസിച്ച ആദി നിവാസ്, പിന്നീട് പണികഴിപ്പിച്ച ബാപ്പുക്കുടി, കസ്തൂർബയ്ക്കായി നിർമിച്ച വീട്, സെക്രട്ടറിയുടെ ഓഫിസും താമസകേന്ദ്രവും എന്നിവയാണു സേവാഗ്രാമിലുള്ളത്. പുസ്തകശാലയും സ്കൂളും ആശ്രമത്തോടു ചേർന്നുണ്ട്. ബാപ്പുക്കുടി സന്ദർശിച്ചിട്ടുള്ളവർ നട്ട മരങ്ങളും കാണാം.

തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ് സേവാഗ്രാമിലൂടെയാണു കടന്നുപോകുന്നത്. ഇന്നു നഗരത്തിരക്കിൽനിന്നു സേവാഗ്രാമിലെത്തിയാൽ ആ ശാന്തതയിൽ ആരും അലിയും. ഭജനുകൾ ഒഴുകിയെത്തുന്നു. ഗാന്ധിത്തൊപ്പിയണിഞ്ഞ ഖദർധാരികൾ നൂൽനൂൽക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നും സഞ്ചാരികളെത്തുന്നു. എന്നാൽ, ഈ കാഴ്ചകളിൽ ഒതുങ്ങേണ്ടതാണോ ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ചു ഗാന്ധിജി കണ്ട സ്വപ്നങ്ങൾ? വാർധ ഉൾപ്പെടുന്ന വിദർഭ മേഖലയിൽ ഇന്നു നിറയുന്നതു കർഷകവിലാപങ്ങൾ, ആത്മഹത്യകളുടെ വിറങ്ങലിപ്പ്.

Wardha-Sevagram
വാർധ സേവാഗ്രാമിലെ ബാപ്പുക്കുടി. ചിത്രം: വിഷ്ണു വി.നായർ∙ മനോരമ

ചമ്പാരൻ: കാലം മാറ്റിവരയ്ക്കുന്ന ചിത്രം

ബിഹാറില്‍ ഗാന്ധിജി നേതൃത്വം നല്‍കിയ  ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം രണ്ടു വര്‍ഷം മുന്‍പായിരുന്നു. സ്വാതന്ത്ര്യസമരത്തിനു പുതിയ ദിശാബോധം നല്‍കിയ ചമ്പാരന്‍ സത്യഗ്രഹ ഭൂമിയും ഗാന്ധിജിയുടെ നൂറ്റന്‍പതാം ജന്മദിന ആഘോഷത്തിലാണ്. 1917ൽ കർഷകരുടെ പ്രശ്നങ്ങളറിഞ്ഞ് ബിഹാറിലെ ചമ്പാരനിലെത്തിയ ഗാന്ധിജിയോടു ജില്ല വിട്ടുപോകാനായിരുന്നു അന്നത്തെ ജില്ലാ കലക്ടർ ഡബ്ല്യു. ബി.ഹേകോക്കിന്റെ ഉത്തരവ്. ഇന്നവിടെ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു, ഈസ്റ്റ് ചമ്പാരന്‍ ജില്ലാ കലക്ടര്‍ രമണ്‍ കുമാര്‍.

gandhi-memorial-pillar
ചമ്പാരനിലെ സത്യഗ്രഹ സ്മാരകം.

മധുര: ഒറ്റമുണ്ടിന്റെ ലാളിത്യം ഇവിടെനിന്ന്

നമ്മുടെ മനസ്സിലെപ്പോഴും തെളിയുന്ന ‘അർധനഗ്നനായ ഫക്കീറി’ന്റെ വേഷത്തിലേക്കു ഗാന്ധിജി മാറിയതു മധുരയിൽവച്ചാണ്. 1921 സെപ്റ്റംബർ 21നു വെസ്റ്റ് മാസി സ്ട്രീറ്റിൽ ഉത്തരേന്ത്യൻ വ്യാപാരി റാംജി കല്യാൺജിയുടെ വീട്ടിൽവച്ചായിരുന്നു തീരുമാനം. തലേദിവസം ചെന്നൈയിൽനിന്നു ട്രെയിനിൽ വരുമ്പോൾ സഹയാത്രികരോട് അദ്ദേഹം ഖാദിയെക്കുറിച്ചു സംസാരിച്ചിരുന്നു. എന്നാൽ, വില കൂടിയ ഖാദി തങ്ങൾക്ക് അപ്രാപ്യമാണെന്നായിരുന്നു അവരുടെ മറുപടി. വലിയ തലപ്പാവ് ഉൾപ്പെടെ പൂർണ ഗുജറാത്തി വേഷത്തിലായിരുന്ന തനിക്ക് അവർ പറയുന്നതു ബോധ്യപ്പെട്ടെന്നു ഗാന്ധിജി പിന്നീട് എഴുതി.

പിറ്റേന്നു റാംജിയുടെ വീട്ടിലിരിക്കെ ഒറ്റമുണ്ടുടുത്ത് നടന്നുപോകുന്ന കർഷകനെ കണ്ടപ്പോൾ, തന്റെ വേഷവും അതുതന്നെയെന്നു ഗാന്ധിജി തീരുമാനിച്ചു. പുതിയ വേഷത്തിൽ കാമരാജ് ശാലയിൽ നെയ്ത്തുകാരുടെ യോഗത്തിൽവച്ചു തീരുമാനം പ്രഖ്യാപിച്ചു. മാസി തെരുവിലെ ആ വീ‌ട് ഇന്നു ഖാദി ഭവനാണ്. യോഗം നടന്ന കാമരാജ് ശാലയിൽ ഗാന്ധി പ്രതിമയുണ്ട്.

1919ൽ മധുരയിൽ ആദ്യം വരുമ്പോൾ ഗാന്ധിജി താമസിച്ചതു മലയാളിയായ ബാരിസ്റ്റർ ജോർജ് ജോസഫിന്റെ വീട്ടിലാണ്. ആ വീടിന്റെ സ്ഥാനത്ത് ഇന്നു ബഹുനില ടെക്സ്റ്റൈൽസ് ഷോറൂമാണ്. എന്നാൽ, ഗാന്ധി- ജോസഫ് സൗഹൃദത്തിന്റെ സ്മാരകമായി നഗരത്തിലെ യാമക്കലിൽ ഇരുവരുടെയും പ്രതിമകളുണ്ട്.

Gandhji-Statue-Madhurai
മധുര നഗരത്തിലെ ഗാന്ധിപ്രതിമ.

ഗാന്ധിജിയുടെ അവസാന മധുര സന്ദർശനം 1946ൽ ആയിരുന്നു– മീനാക്ഷി ക്ഷേത്രത്തിൽ ദലിതർക്ക് പ്രവേശനം അനുവദിച്ചതിനു പിന്നാലെ. നേരത്തേ, ദലിതർക്കു പ്രവേശനമില്ലെന്നറിഞ്ഞ് അദ്ദേഹം ക്ഷേത്ര കവാടത്തിൽനിന്നു തിരിച്ചുപോയിരുന്നു. ഗാന്ധിജിയുടെ മരണശേഷവും മധു‌രയുമായുള്ള രസതന്ത്രം തുടർന്നു. രാജ്യത്തെ ആദ്യ ഗാന്ധി മ്യൂസിയം ഇവിടെയാണ്. ഗാന്ധിജി എന്ന പാഠപുസ്തകത്തിലെ വിട്ടുപോകാൻ പാടില്ലാത്ത പാഠമാണു മധുര.

ആശ്രമശാന്തിയിൽനിന്ന് ആഘോഷക്കാഴ്ചകളിലേക്ക് സബർ‍മതി

അഹമ്മദാബാദിലെ സബർമതി ആശ്രമം ഒരു നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഗാന്ധിജി ഉപയോഗിച്ച ചർക്കയും എഴുത്തുമേശയും ആശ്രമത്തിൽ ഇരുമ്പഴിക്കുള്ളിൽ സൂക്ഷിക്കുന്നതിൽ വൈരുധ്യം തോന്നാം. ദക്ഷിണാഫ്രിക്കയിൽനിന്നു മടങ്ങിയെത്തിയശേഷം, 1915ൽ ഗാന്ധിജി ആദ്യം ആശ്രമം സ്ഥാപിച്ചത് അഹമ്മദാബാദിൽ തന്നെ കൊച്ച്റാബിലായിരുന്നു. അവിടെ പ്ലേഗ് പടർന്നതോടെ രണ്ടു വർഷത്തിനു ശേഷമായിരുന്നു സബർമതിയിലേക്കുള്ള മാറ്റം. ആശ്രമ വയലുകളിൽ പരുത്തി, ഗോതമ്പ്, തിന, തോട്ടങ്ങളിൽ ഓറഞ്ച്, മാതള നാരകം എന്നിവയെല്ലാം നിറഞ്ഞു. 1928 ആയപ്പോഴേക്കും കൃഷിസ്ഥലം തന്നെ നൂറേക്കറായി.

സ്വാതന്ത്ര്യം കിട്ടാതെ ഇനി സബർമതിയിലേക്കില്ലെന്ന് ഉപ്പുസത്യഗ്രഹത്തിനുശേഷം ഗാന്ധിജി പ്രതിജ്ഞ ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തരം ആശ്രമം അഹിംസാ മ്യൂസിയമായി. പ്രശസ്ത വാസ്തുശിൽപി ചാൾസ് കൊറയ ആണ് കോൺക്രീറ്റ് കാടാകാതെ മ്യൂസിയം രൂപകൽപന ചെയ്തത്. ഇന്ന് ആശ്രമം ശാന്തം. മെലിഞ്ഞ സന്ദർശകക്കൂട്ടങ്ങൾ.

നാലുവർഷം മുൻപു സബർമതി തീരം വീണ്ടും ലോകശ്രദ്ധയിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി– ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉച്ചകോടിയുടെ സമയത്താണ്. 2017 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സബർമതി മറ്റൊരു കൗതുകത്തിനും വേദിയായി; പ്രചാരണത്തിനു പ്രധാനമന്ത്രി ജലവിമാനത്തിൽ വന്നിറങ്ങിയപ്പോൾ. വാസ്തുശിൽപ വൈദഗ്ധ്യത്തിൽ മാറ്റിവരയ്ക്കപ്പെട്ട സബർമതി തീരം ആയിരങ്ങളുടെ സംഗമവേദിയാണിന്ന്– പട്ടം പറത്തൽ മേളകളും ആഘോഷ കൂട്ടായ്മകളും; റിവർ ഫ്രണ്ടും കിലോമീറ്ററുകൾ നീളുന്ന കോൺക്രീറ്റ് നടപ്പാതകളും ചേരുന്ന പുതിയ മേൽവിലാസം.

English Summary: How India remembers Mahatma Gandhi in his 150th birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com