‘പാലമായിരുന്നു ഗാന്ധി’: ന്യൂയോർക്ക് ടൈംസിൽ മോദിയുടെ ഗാന്ധി ലേഖനം
Mail This Article
ന്യൂഡൽഹി ∙ ഗാന്ധിജിയുടെ 150 –ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ. ‘ഇന്ത്യയ്ക്കും ലോകത്തിനും എന്തുകൊണ്ട് ഗാന്ധിജിയെ ആവശ്യമാണ്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ അമേരിക്കയിലും നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയിലും ജനകീയ മുന്നേറ്റങ്ങൾക്ക് എങ്ങനെ ഗാന്ധിയൻ ആശയങ്ങളെ പ്രയോജനപ്പെടുത്തി എന്നും സൂചിപ്പിക്കുന്നു.
‘മറ്റു രാജ്യങ്ങളിലേക്ക് ഞാനൊരു വിനോദ സഞ്ചാരിയായി പോയേക്കാം, പക്ഷേ, ഇന്ത്യയിലേക്ക് ഒരു തീർഥാടകനായിട്ടാണ് പോവുക’ എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാചകം ഉദ്ധരിച്ച്, ഗാന്ധി കിങ്ങിന് വഴിവിളക്കായിരുന്നുവെന്ന് മോദി പറയുന്നു.
‘മണ്ടേലയ്ക്ക് ഗാന്ധിജി ഇന്ത്യക്കാരനെന്ന പോലെ ദക്ഷിണാഫ്രിക്കക്കാരനുമായിരുന്നു. മനുഷ്യസമൂഹത്തിലെ വലിയ വൈരുധ്യങ്ങൾക്കിടയിലെ പാലമാകാൻ ഗാന്ധിജിക്കു കഴിഞ്ഞിരുന്നു. അതുപോലെ ചർക്ക, ഖാദി, ഉപ്പ് തുടങ്ങി തീർത്തും സാധാരണമായ വസ്തുക്കളെ ജനകീയ പ്രക്ഷോഭത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ മുദ്രകളാക്കി മാറ്റി അദ്ദേഹം’ – മോദി എഴുതുന്നു.