‘സത്യഗ്രഹം’ പോലെ ശുചിത്വദൗത്യം ‘സ്വച്ഛഗ്രഹം’ വിജയം: മോദി
Mail This Article
അഹമ്മദാബാദ് ∙ ഇന്ത്യ വെളിയിട വിസർജന വിമുക്ത രാജ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് ‘സത്യഗ്രഹം’ വിജയിപ്പിച്ച ജനം, ഇപ്പോൾ ‘സ്വച്ഛഗ്രഹ’വും വിജയിപ്പിച്ചതായി ഗാന്ധിജയന്തി ദിനത്തിൽ ഗുജറാത്തിലെ സബർമതി തീരത്ത് ഗ്രാമമുഖ്യന്മാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
അഞ്ചു വർഷത്തിനിടെ 11 കോടി പുതിയ ശുചിമുറികൾ രാജ്യത്തു നിർമിച്ചു. 60 കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം. സർക്കാരിന്റെ ‘സ്വച്ഛ് ഭാരത്’ പദ്ധതി 75 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എല്ലാവർക്കും ശുചിമുറി എന്ന ലക്ഷ്യം കൈവരിക്കാൻ ഗ്രാമീണ ഇന്ത്യ ആവേശപൂർവം മുന്നിട്ടിറങ്ങുകയായിരുന്നു. ശുചിത്വശീലങ്ങളെക്കുറിച്ചു മടി ഉപേക്ഷിച്ചു സംസാരിക്കുകയും ചിന്തിക്കുകയും ചെയ്തു. ‘മഹാത്മാ ഗാന്ധി നീണാൾ വാഴട്ടെ’ എന്നു മൂന്നുവട്ടം പറഞ്ഞാണു മോദി വേദി വിട്ടത്. ഗാന്ധി സ്മാരക സ്റ്റാംപുകളും 150 രൂപ നാണയവും പ്രധാനമന്ത്രി പുറത്തിറക്കി. നേരത്തേ, അദ്ദേഹം സബർമതി ആശ്രമവും സന്ദർശിച്ചിരുന്നു.
പ്ലാസ്റ്റിക് നിരോധനം 2022 മുതൽ
ന്യൂഡൽഹി ∙ ഒറ്റത്തവണ ഉപയോഗിക്കുന്ന 6 പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ഇന്നലെ മുതൽ സമ്പൂർണ നിരോധനം ഏർപ്പെടുത്താനുള്ള നീക്കം കേന്ദ്ര സർക്കാർ അവസാന നിമിഷം ഉപേക്ഷിച്ചു. ഇതിന്റെ ഉപയോഗം 2022ന് അകം രാജ്യത്ത് ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നു പ്രധാനമന്ത്രി സബർമതിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.
വ്യവസായ മേഖലയെ സാരമായി ബാധിക്കുന്ന നീക്കം, സാമ്പത്തിക ഞെരുക്കത്തിനിടെ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുമെന്നു വിലയിരുത്തിയാണു പിന്മാറ്റം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള നടപടികളാകും തൽക്കാലം നടപ്പിലാക്കുകയെന്നു പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.പ്ലാസ്റ്റിക് നിയന്ത്രണത്തിനു നിലവിലുള്ള നിയമങ്ങൾ കർശമാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും.
അതേസമയം, ചരിത്രസ്മാരകങ്ങളിലും അവയുടെ 100 മീറ്റർ ചുറ്റളവിലും പ്ലാസ്റ്റിക് വിലക്കിയതായി കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ അറിയിച്ചു.