നെഹ്റുവിനെ മറക്കുന്നവർ ജനാധിപത്യ ഇന്ത്യയെ തകർക്കുന്നു: സോണിയ
Mail This Article
ന്യൂഡൽഹി ∙ സ്വാതന്ത്ര്യാനന്തര ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇന്ന് ജവാഹർലാൽ നെഹ്റുവിന്റെ ഏറ്റവും വലിയ വിമർശകരെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി.
സാമ്രാജ്യത്വം തകർത്തെറിഞ്ഞു പോയ ഇന്ത്യയെ ഒരുമിപ്പിച്ചു നിർത്തി ഇന്നു കാണുന്ന അവസ്ഥയിലേക്കു നയിച്ച നെഹ്റുവിന്റെ ആശയങ്ങളെ ഇപ്പോഴത്തെ ഭരണകൂടം തകർക്കുകയാണെന്ന് ജവാഹർലാൽ നെഹ്റു ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന നെഹ്റു സ്മാരക പ്രഭാഷണച്ചടങ്ങിൽ അവർ പറഞ്ഞു.
നെഹ്റുവിനു കീഴിൽ ഇന്ത്യ സുശക്തമായ ജനാധിപത്യമായി നിലനിന്നു. ജനാധിപത്യ സംവിധാനങ്ങളുടെ വികസനം, അടിയുറച്ച മതനിരപേക്ഷത, സോഷ്യലിസ്റ്റ് സാമ്പത്തിക ശാസ്ത്രം, ചേരിചേരാ നയത്തിലൂന്നിയ വിദേശബന്ധങ്ങൾ എന്നിവയായിരുന്നു നെഹ്റുവിയനിസത്തിന്റെ അടിസ്ഥാന ശിലകൾ. ഇന്ത്യയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടാണ് ഇന്ന് ആക്രമണത്തിനിരയാകുന്നതെന്നും അവർ പറഞ്ഞു.
വ്യവസ്ഥാപിത മതവിശ്വാസങ്ങളോടു പ്രതിപത്തിയില്ലായിരുന്നെങ്കിലും ആത്മീയതയെ താലോലിച്ചയാളായിരുന്നു നെഹ്റുവെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ചരിത്രകാരൻ പ്രഫ. മാധവൻ കെ. പാലാട്ട് പറഞ്ഞു. സാഹിത്യത്തിലും സംഗീതത്തിലും കലയിലും സാംസ്കാരിക പാരമ്പര്യത്തോട് അദ്ദേഹം പ്രതിപത്തി കാണിച്ചു.
ശാസ്ത്രത്തിന് കഴിയാത്തവിധം മതങ്ങൾക്ക് ഒരാളുടെ ആന്തരിക സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാൻ കഴിയുമെന്ന് നെഹ്റു വിശ്വസിച്ചിരുന്നു. മതങ്ങളുടെ ചട്ടക്കൂടുകളില്ലാതെ തന്നെ അനുഭവിക്കാനാകുന്നതാണ് ആത്മീയത എന്നാണ് നെഹ്റു ചിന്തിച്ചത് – അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പ്രസംഗിച്ചു.
നെഹ്റു ഫണ്ട് പുറത്തിറക്കുന്ന നെഹ്റുവിന്റെ സമ്പൂർണ കൃതികളുടെ 100 വാല്യങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.