ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ നിയമം, മനുഷ്യാവകാശം എന്നിവയോടു സൈന്യത്തിനു വലിയ ബഹുമാനമാണെന്നും അവ സംരക്ഷിക്കുമെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ‘യുദ്ധസമയത്ത് മനുഷ്യാവകാശ സംരക്ഷണം’ എന്ന വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) ഉദ്യോഗസ്ഥരോടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ സൂചിപ്പിച്ചു റാവത്ത് കഴി‍ഞ്ഞ ദിവസം നടത്തിയ പരാമർശത്തിനെതിരെ വൻ പ്രതിഷേധം അലയടിക്കവെയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

ഇതിനിടെ, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വിമർശിച്ചെന്ന വിവാദത്തിൽ റാവത്തിനെ ന്യായീകരിച്ച്, മുൻസൈനിക മേധാവിയും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ വി.കെ.സിങ് രംഗത്തുവന്നു. റാവത്ത് പറഞ്ഞതിൽ രാഷ്ട്രീയമൊന്നുമില്ലെന്നും വിദ്യാർഥികളോടു സമാധാനം പാലിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും സിങ് ചൂണ്ടിക്കാട്ടി. 

അഭിമുഖം നൽകി വിവാദ പുരുഷനായി ജനറൽ റോഡ്രിഗ്‌സ്

General-Rodrigues

ന്യൂഡൽഹി ∙ കര സേനാ മേധാവി രാഷ്ട്രീയവിവാദത്തിൽ കുരുങ്ങിയ സംഭവം മുൻപും. 1992ൽ പി.വി. നരസിംഹ റാവുവിന്റെ കാലത്ത് കരസേനാ മേധാവി ജനറൽ എസ്.എഫ്. റോഡ്രിഗ്‌സ് ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖമാണു വിവാദമായത്. ഇതോടെ അഭിമുഖത്തിന്റെ രണ്ടാം ഭാഗം പത്രം പ്രസിദ്ധീകരിച്ചുമില്ല.

ഇന്ത്യയുടെ വിദേശ, ആഭ്യന്തര നയങ്ങളെ ജനറൽ കടുത്ത ഭാഷയിൽ വിമർശിച്ച അഭിമുഖത്തിൽ, വിദേശ ഭീഷണി നേരിടുന്നതു പോലെ പ്രധാനമാണ് ആഭ്യന്തര ഭീഷണി നേരിടുന്നതെന്നും പറഞ്ഞു. രാജ്യത്തിന്റെ നയങ്ങളെ റോഡ്രിഗ്സ് വിമർശിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com