ഡൽഹി: അന്തിമ കണക്കിലും പോളിങ് കുറവ്; 62.59%
Mail This Article
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 62.59% പോളിങ് നടന്നതായി തിരഞ്ഞെടുപ്പു കമ്മിഷൻ. 61.46% വരെ പോളിങ് നടന്നതായുള്ള സൂചന കമ്മിഷൻ വോട്ടെടുപ്പു ദിവസം നൽകിയിരുന്നു. അന്തിമ പോളിങ് ശതമാനം പ്രഖ്യാപിക്കാത്തതിനെ ചോദ്യം ചെയ്ത് എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ രംഗത്തെത്തിയിരുന്നു.
വോട്ടിങ് പൂർത്തിയായി 24 മണിക്കൂർ കഴിഞ്ഞിട്ടും വോട്ടിങ് ശതമാനം പ്രഖ്യാപിക്കാൻ കമ്മിഷന് എന്താണു തടസ്സമെന്നു കേജ്‍രിവാൾ ചോദിച്ചു. ഇതിനു പിന്നാലെയാണ് വൈകിട്ടോടെ ഡൽഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രൺബീർ സിങ് അന്തിമ കണക്ക് പുറത്തുവിട്ടത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 67.47% വോട്ടാണു രേഖപ്പെടുത്തിയത്.
ഡൽഹിയിൽ നാളെയാണ് വോട്ടെണ്ണൽ. അഭിപ്രായ സർവേകളെല്ലാം എഎപിക്കു വൻ വിജയം പ്രവചിച്ചതിനാൽ ബിജെപി അട്ടിമറിക്കു ശ്രമിക്കുന്നുണ്ടെന്നാണ് എഎപിയുടെ സംശയം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പാർട്ടി പ്രവർത്തകർ കാവൽ നിൽക്കുമെന്നും എഎപി നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
English summary: Delhi polling percentage final