പൗരത്വ സമരകേന്ദ്രങ്ങളിൽ എഎപി
Mail This Article
ന്യൂഡൽഹി ∙ പൗരത്വ നിയമ സമരങ്ങളുടെ മുൻനിരയിൽ എഎപി നിന്നില്ലെങ്കിലും ജാമിയ, ഷഹീൻബാഗ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഓഖ്‍ല മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി അമാനത്തുല്ല ഖാന് 71,827 വോട്ടിന്റെ വൻ വിജയം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 64,532.
എഎപിയുടെ മറ്റു ചില ശ്രദ്ധേയ വിജയങ്ങൾ: പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്ന സീലംപുർ (ഭൂരിപക്ഷം 36,920), ജുമാ മസ്ജിദ് ഉൾപ്പെടുന്ന ചാന്ദ്നി ചൗക്ക് (29,584), ജെഎൻയു ഉൾപ്പെടുന്ന മെഹ്റോളി (18,161). പൗരത്വ നിയമത്തിനെതിരെ ശക്തമായ സമരം നടക്കുന്ന മുസ്‍തഫാബാദിൽ ബിജെപി സിറ്റിങ് സീറ്റ് എഎപി പിടിച്ചെടുത്തു (ഭൂരിപക്ഷം 20,704).
ഷഹീൻ ബാഗ്, ജാമിയ സമരങ്ങളെ പരസ്യമായി പിന്തുണയ്ക്കാത്തത്, കേജ്‍രിവാളിനെതിരെ വിമർശനത്തിനു കാരണമായിരുന്നു. ഓഖ്‌ലയിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ എഎപി പിന്നിലായിരുന്നത് അതിനാൽ വാർത്താശ്രദ്ധ നേടുകയും ചെയ്തു.
എല്ലാ സംവരണ മണ്ഡലങ്ങളിലും എഎപി വിജയിച്ചു. ഇടത്തരക്കാർക്കും കോളനി നിവാസികൾക്കുമൊപ്പം സമ്പന്ന വിഭാഗവും എഎപിക്കു വോട്ടു ചെയ്തു. സമ്പന്ന വിഭാഗങ്ങൾ താമസിക്കുന്ന ഹൗസ് ഖാസ്, ന്യൂഡൽഹി മണ്ഡലങ്ങളിൽ അവർ വിജയം നേടി. വടക്കു കിഴക്കൻ ഡൽഹിയിൽ മാത്രമാണു ബിജെപിക്കു അൽപമെങ്കിലും നില മെച്ചപ്പെടുത്തിയത്. ബിജെപി വിജയിച്ച 8 മണ്ഡലങ്ങളിൽ മൂന്നും വടക്കു കിഴക്കൻ ഡൽഹിയുടെ ഭാഗമാണ്.
English Summary: AAP wins anti caa protest centres