അടവുമാറ്റിയിട്ടും അടിതെറ്റി; ലക്ഷ്യം കാണാതെ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ഒൻപതു മാസം മുൻപു ലോക്സഭയിലേക്കു മിന്നും ജയം നേടിയിട്ടും, ഈ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി നിലം തൊടാത്തതിന് ഒറ്റ ഉത്തരമേയുണ്ടാകൂ – അരവിന്ദ് കേജ്‌രിവാൾ. ആ വെല്ലുവിളി മറികടക്കാനുള്ള ബിജെപിയുടെ ഒരുക്കവും പദ്ധതിയുമെല്ലാം പാളിയെന്നുകൂടി ഉറപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പു ഫലം. 22 വർഷമായി ഡൽഹിയിൽ അധികാരത്തിനു പുറത്തു തുടരുന്ന ബിജെപിക്ക് ഇക്കുറി അഭിമാനപ്പോരാട്ടമായിരുന്നു. പക്ഷേ, തുടർച്ചയായ ആറാം തിരഞ്ഞെടുപ്പിലും തോൽവിതന്നെ. 2015 ൽ വോട്ട് ശതമാനം 32.3 ആയിരുന്നത് ഇക്കുറി നാൽപതിനടുത്തേക്ക് ഉയർന്നുവെന്ന് ആശ്വസിക്കാമെന്നു മാത്രം.
പ്രചാരണം അവസാന ഘട്ടത്തിലേക്കു കടന്നപ്പോൾ ദേശീയ അധ്യക്ഷ പദവിയിൽ ജെ.പി. നഡ്ഡയെത്തിയെങ്കിലും പാർട്ടിയുടെ മുഖം നരേന്ദ്ര മോദിയും അമിത് ഷായും തന്നെയായിരുന്നു. പക്ഷേ, കേജ്‌രിവാൾ എന്ന ശക്തനായ നേതാവിനു പകരംവയ്ക്കാൻ ബിജെപിക്കു ഡൽഹിയിൽ നിന്നൊരു നേതാവില്ലായിരുന്നു. എംപിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ മനോജ് തിവാരി ഒരുവശത്തു മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന പ്രതീതി സൃഷ്ടിച്ചപ്പോൾ, മുൻമന്ത്രി വിജയ് ഗോയലടക്കം മറ്റ് 6 പേർ കൂടി ‘പ്രധാന നേതാവാകാൻ’ മത്സരിച്ചതും വിനയായി. പൂർവാഞ്ചൽ മേഖലയിൽനിന്നുള്ള വോട്ടർമാരുടെ വലിയ സാന്നിധ്യം കരുത്താകുമെന്ന പ്രതീക്ഷയും തെറ്റി. സ്വാധീനശക്തി പരിഗണിക്കാതെ, ഉറച്ച ഘടകകക്ഷിയായ ശിരോമണി അകാലിദളിനെ ഒഴിവാക്കി അപ്രധാന കക്ഷികൾക്കു സീറ്റു നൽകിയതും തിരിച്ചടിയായെന്നു വ്യക്തം.
കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യം പ്രയോജനപ്പെടുത്താൻ ബിജെപി കിണഞ്ഞു ശ്രമിച്ചു. പ്രകാശ് ജാവഡേക്കറും ഹർദീപ് പുരിയും ഹർഷ്‌വർധനും മത്സരിച്ചു മാധ്യമസമ്മേളനം വിളിച്ച് കേന്ദ്ര പദ്ധതികളെക്കുറിച്ചു വാതോരാതെ സംസാരിച്ചു. 40 ലക്ഷം കുടുംബങ്ങളുടെ പിന്തുണ കിട്ടുമെന്നു കരുതി പ്രഖ്യാപിച്ച, കോളനികൾക്ക് അംഗീകാരം നൽകാനുള്ള പദ്ധതി ധൃതിയിൽ തുടങ്ങിവച്ചു. പക്ഷേ, ഒന്നിനോടും പ്രതികരിക്കാതെ ചിട്ടയോടെ മുന്നോട്ടുപോയ ആം ആദ്മി പാർട്ടി ബഹുദൂരം മുന്നിലാണെന്നു മനസ്സിലാക്കിയതോടെ ബിജെപി കളംമാറ്റി. പൗരത്വനിയമത്തിനെതിരായ പ്രതിഷേധക്കടലിൽ മുങ്ങിയ ഡൽഹിയിൽ അതുതന്നെ അവർ ആയുധമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ ഹിന്ദുത്വ കാർഡിറക്കിയും പാക്ക് വിരുദ്ധ പ്രസംഗങ്ങളെറിഞ്ഞും ബിജെപി നേതാക്കൾ കേന്ദ്രീകരിച്ചു. അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതൽ പർവേഷ് വർമ എംപി വരെ ഷഹീൻബാഗ് സമരത്തെ കടന്നാക്രമിച്ചു. വാക്‌ശരങ്ങളിലൂടെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും സ്ഥാനാർഥിയായ കപിൽ മിശ്രയും പാർട്ടി പ്രവർത്തകരെ ഇളക്കിമറിച്ചു. റോഡ് ഷോ നടത്തി ജനക്കൂട്ടം തങ്ങൾക്കൊപ്പമാണെന്നു തെളിയിക്കാൻ അവസാനവട്ടവും ശ്രമമുണ്ടായി. വോട്ടെടുപ്പിനു 3 ദിവസം ശേഷിക്കെ, രാമക്ഷേത്ര ട്രസ്റ്റ് രൂപീകരണം മോദി തന്നെ പ്രഖ്യാപിച്ചതു വോട്ടാകുമെന്ന സ്വപ്നവും പൊലിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വോട്ടുവിഹിതം ചോർന്നെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ട് വ്യത്യാസം പറഞ്ഞ് ബിജെപിക്കു പിടിച്ചുനിൽക്കാം.
English Summary: BJP fails instead of terrific campaign