ADVERTISEMENT

ന്യൂഡൽഹി ∙ ഒരു കാലത്ത് അടക്കിവാണ ഡൽഹിയിൽ പൊടിപോലുമില്ലാതെ തകർന്നടിഞ്ഞ് കോൺഗ്രസ്. മത്സരിച്ച 66 സീറ്റിൽ 63 ലും കെട്ടിവച്ച പണം നഷ്ടമായ പാർട്ടി, തുടർച്ചയായ രണ്ടാം വട്ടവും പൂജ്യം സീറ്റിലേക്കു കൂപ്പുകുത്തി. പാർട്ടിയുടെ ദേശീയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ന്യൂഡൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചത് 3220 വോട്ട്.

തലസ്ഥാന നഗരത്തിലെ വൻ തോൽവി കോൺഗ്രസ് കണക്കുകൂട്ടിയിരുന്നു; അതുകൊണ്ട് തന്നെ നേതാക്കൾക്കു ഞെട്ടലില്ല. കളത്തിൽ ആം ആദ്മി പാർട്ടിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ കോൺഗ്രസിന്റെ പങ്കാളിത്തം കാഴ്ചക്കാരന്റെ റോളിൽ ഒതുങ്ങി.

ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനാവില്ലെന്നു തിരിച്ചറിഞ്ഞ ന്യൂനപക്ഷങ്ങൾ കൂട്ടമായി ആം ആദ്മിക്ക് വോട്ട് കുത്തിയതോടെ, ഡൽഹിയിലെ വോട്ട് ബാങ്ക് കോൺഗ്രസിന് പൂർണമായി നഷ്ടപ്പെട്ടു. രാഹുലും പ്രിയങ്കയും ഒന്നിച്ചു പ്രചാരണത്തിനിറങ്ങിയ സംഗം വിഹാറിൽ പാർട്ടി സ്ഥാനാർഥി പൂനം ആസാദ് നേടിയത് 2600 വോട്ട് മാത്രം.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതായിരുന്ന കോൺഗ്രസ്, 7 ലോക്സഭാ സീറ്റുകളിൽ അഞ്ചെണ്ണത്തിൽ രണ്ടാമതെത്തിയിരുന്നു. ഇത്തവണ ഒരിടത്തും രണ്ടാം സ്ഥാനത്തു പോലുമില്ല.

സിദ്ദു പറഞ്ഞു: എനിക്കു വയ്യ

സംഘടനാതലത്തിലെ ഏകോപനമില്ലായ്മയുടെ കൂടി ഫലമാണു കോൺഗ്രസിന്റെ തോൽവി. ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിനു ശേഷം പിസിസി പ്രസിഡന്റായി ജനപ്രീതിയില്ലാത്ത സുഭാഷ് ചോപ്രയെ നിയമിച്ചതു ഡൽഹിയിലെ നേതാക്കളെ ചൊടിപ്പിച്ചു. 

ഊർജസ്വലനായ നേതാവിനെ പിസിസി പ്രസിഡന്റാക്കണമെന്ന് ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ അടക്കമുള്ളവർ വാദിച്ചെങ്കിലും മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിന്റെ നോമിനിയായി ചോപ്ര നേതൃത്വം ഏറ്റെടുത്തു.

മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിനെ രംഗത്തിറക്കാൻ പാർട്ടി ഒരുവേള ആലോചിച്ചെങ്കിലും ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത തിരഞ്ഞെടുപ്പിനു താനില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

രാജി പ്രഖ്യാപിച്ച് പിസിസി അധ്യക്ഷൻ

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു പിന്നാലെ പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജി പ്രഖ്യാപിച്ചു. പരാജയത്തിനു കാരണം ഉൾപ്പാർട്ടി പോരെന്നു മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനും പാർട്ടി നേതാവുമായ സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മഹിള കോൺഗ്രസ് ഡൽഹി പ്രസിഡന്റുമായ ശർമിഷ്ഠ മുഖർജിയും സംഘടനാ സംവിധാനത്തിനെതിരെ രംഗത്തുവന്നു. 

സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്നു ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ ഏതാനും മാസം മുൻപ് സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. സ്ഥാനമൊഴിയുമോ എന്ന് ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അക്കാര്യം സോണിയ തീരുമാനിക്കുമെന്നായിരുന്നു ചാക്കോയുടെ മറുപടി.

English Summary: Congress white washed in delhi election 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com