കേജ്രിവാൾ അന്നേ പറഞ്ഞു: ‘ഞാൻ ഈ സർവീസിൽ അധിക കാലം ഉണ്ടാകില്ല’
Mail This Article
സിവിൽ സർവീസിൽ കേജ്‌രിവാളിന്റെ ബാച്ച്മേറ്റും ഇപ്പോൾ കേരള പൊതുഭരണ - ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.ആർ. ജ്യോതിലാൽ, മസൂറിയിലെ പരിശീലന കാലത്തെക്കുറിച്ച്...
അരവിന്ദ് കേജ്‌രിവാളിനെക്കുറിച്ച് ഓർമയിൽ മിഴിവോടെ നിൽക്കുന്ന ഒരു കാര്യം, അദ്ദേഹം എപ്പോഴും കയ്യിൽ ഗാന്ധിജിയുടെ ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ) കരുതിയിരുന്നു എന്നതാണ്. അന്ന് കേജ്‌രിവാളും പിന്നീട് അദ്ദേഹത്തിന്റെ ജിവിതപങ്കാളിയായ സുനിത അഗർവാളും ഒരേ ബാച്ചിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഉഷ ടൈറ്റസും രാജൻ ഖൊബ്രഗഡയുമൊക്കെ ആ ബാച്ചിലായിരുന്നു.
കേജ്‌രിവാളും സുനിതയും പിന്നീട് ഇന്ത്യൻ റവന്യു സർവീസിലേക്കു പോയി. റവന്യു സർവീസിൽ ആദായനികുതി വിഭാഗത്തിലേക്കാണു പോകുകയെന്ന് അറിയാവുന്നതു കൊണ്ട് ഞങ്ങൾ അദ്ദേഹത്തോടു തമാശയായി പറയുമായിരുന്നു – ആദായനികുതി വകുപ്പിൽ പോകുന്നവർ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ ആണ് പഠിക്കേണ്ടതെന്ന്.
സാധാരണക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് കേജ്‌രിവാൾ അന്നേ വളരെ ആകുലചിത്തനായിരുന്നു. ക്ലാസെടുക്കുന്നവരോടുള്ള ചോദ്യങ്ങളിലും അതു പ്രതിഫലിച്ചിരുന്നു. സിവിൽ സർവീസിൽ അധികനാൾ തുടരില്ലെന്നും സാധാരണക്കാർക്കിടയിൽ അവരിലൊരാളായി പ്രവർത്തിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം ഇടയ്ക്കിടെ സൂചിപ്പിച്ചിരുന്നു.
സിവിൽ സർവീസ് വിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അദ്ദേഹമൊരു എൻജിഒ രൂപവൽക്കരിച്ച് അതുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു വന്നിരുന്നു. കേരളത്തിലെ വികേന്ദ്രീകൃത ഭരണത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനാണു വന്നത്.
ഉഷാ ടൈറ്റസും ഞാനുമൊക്കെ ചേർന്ന് താജ് ഹോട്ടലിൽ ഒരു ഡിന്നർ കൊടുത്തത് ഓർക്കുന്നു. കേജ്‌രിവാളിന്റെ ഭാര്യ സുനിതയും പിന്നീട് സിവിൽ സർവീസ് വിട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം നിന്നു.
English Summary: Kejriwal's batchmate Jyothilal remembers training days