സഞ്ജയ് കൊഥാരി സിവിസി, ബിമൽ ജുൽക്ക സിഐസി
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര വിജിലൻസ് കമ്മിഷണറായി (സിവിസി) രാഷ്ട്രപതിയുടെ സെക്രട്ടറി സഞ്ജയ് കൊഥാരിയെ തിരഞ്ഞെടുത്തു. മുൻ വാർത്താവിനിമയ, പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ബിമൽ ജുൽക്ക കേന്ദ്ര വിവരാവകാശ കമ്മിഷണറാകും (സിഐസി). പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതതല സമിതിയുടേതാണു തീരുമാനം.
അതേസമയം, തിരഞ്ഞെടുപ്പു പ്രക്രിയയിൽ പോരായ്മകൾ ചൂണ്ടിക്കാട്ടി സമിതിയംഗമായ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി യോഗത്തിൽ എതിർപ്പറിയിച്ചു. വിജിലൻസ് കമ്മിഷണറായി സുരേഷ് പട്ടേലിനെയും വിവരാവകാശ കമ്മിഷണറായി അനിത പന്ദോവെയെയും തിരഞ്ഞെടുത്തു.
സിവിസിയെ തിരഞ്ഞെടുത്തതിൽ കേന്ദ്ര സർക്കാർ ഗുരുതരവീഴ്ച വരുത്തിയെന്നു കാട്ടി സുപ്രീം കോടതിയെ സമീപിക്കുന്നതു കോൺഗ്രസിന്റെ പരിഗണനയിൽ.
സിവിസിയെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയിൽ സഞ്ജയ് കൊഥാരി ഉൾപ്പെട്ടിരുന്നില്ലെന്നും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു ചട്ടവിരുദ്ധമാണെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.