ADVERTISEMENT

കൊൽക്കത്ത ∙ ഗുംനാമി ബാബയും നേതാജി സുഭാഷ് ചന്ദ്രബോസും ഒരാൾ തന്നെ ആയിരുന്നോ എന്ന അന്വേഷണം വഴിത്തിരിവിൽ. ഉത്തർപ്രദേശിലെ ഫൈസാബാദിൽ 1985 സെപ്റ്റംബർ 16ന് അന്തരിച്ച ഗുംനാമി ബാബയുടെ പല്ലുകളിൽ നടത്തിയ ഡിഎൻഎ പരിശോധനയുടെ റിപ്പോർട്ട് ലഭ്യമല്ലെന്ന സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയുടെ (സിഎഫ്എസ്എൽ) നിലപാടാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. 

ഗുംനാമി ബാബയും സുഭാഷ് ചന്ദ്രബോസും 2 പേരാണെന്നു നേതാജിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന വിഷ്ണു സഹായ് കമ്മിഷൻ കണ്ടെത്തിയത് ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഈ വിഷയത്തിൽ അടുത്തിടെ സയക് സെൻ എന്നയാൾ നൽകിയ വിവരാവകാശ ചോദ്യത്തിനു സിഎഫ്എസ്എൽ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ബി.പി മിശ്ര നൽകിയ മറുപടിയിൽ ഇങ്ങനൊരു റിപ്പോർട്ട് തങ്ങളുടെ പക്കൽ ഇല്ലെന്നാണു പറഞ്ഞിരിക്കുന്നത്. പുതിയ പരിശോധനയ്ക്ക് ഉത്തരവിടുന്നതിനു പകരം ജസ്റ്റിസ് സഹായ് കമ്മിഷൻ ജസ്റ്റിസ് എം.കെ.മുഖർജി കമ്മിഷന്റെ 2005 ലെ റിപ്പോർട്ട് പകർത്തുകയായിരുന്നു എന്ന് സെൻ ആരോപിക്കുന്നു. 

ഇതേസമയം കൊൽക്കത്തയിലെ ലാബിൽ റിപ്പോർട്ട് ലഭ്യമല്ല എന്നതിന് ഇങ്ങനൊരു റിപ്പോർട്ട് ഇല്ലെന്ന് അർഥമില്ലെന്ന് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനും ബിജെപി നേതാവുമായ ചന്ദ്രകുമാർ ബോസ് പ്രതികരിച്ചു. 

ഹൈദരാബാദിലെ സിഎഫ്എസ്എല്ലിലാണ് 2 പല്ലുകൾ പരിശോധിച്ചത്. ഡിഎൻ‌എ സാംപിൾ നേതാജിയുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു പരിശോധനാഫലം. കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തർപ്രദേശ് നിയമസഭയിൽ ഈ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

1945 ഓഗസ്റ്റ് 18 നു നേതാജി വിമാനാപകടത്തിൽ മരിച്ചുവെന്നാണു പൊതുവേ കരുതപ്പെടുന്നത്. എന്നാൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ട അദ്ദേഹം ബ്രിട്ടിഷുകാരുടെ പിടിയിൽ പെടാതിരിക്കാൻ ഒളിവിൽ പോയി എന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. 

ഫൈസാബാദ് ജില്ലാ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന ഗുംനാമി ബാബയുടെ പെട്ടികൾ കുറച്ചുകാലം മുൻപു തുറന്നു നടത്തിയ പരിശോധനയിൽ നേതാജിയുടെ കുടുംബചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് നിഗൂഢത വർധിച്ചത്. നേതാജിയുടെ മാതാപിതാക്കളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

English Summary: Was gumnami baba really subhash chandra bose? mystery deepens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com