പൈലറ്റിന് കോവിഡ്; വിമാനം തിരിച്ചു വിളിച്ചു
Mail This Article
ന്യൂഡൽഹി ∙ റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ പൈലറ്റ് കോവിഡ് ബാധിതനാണെന്നു കണ്ടെത്തിയതോടെ എയർ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു.
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴിനു ഡൽഹിയിൽ നിന്നു മോസ്കോയിലേക്കു പുറപ്പെട്ട വിമാനമാണു കോവിഡ് ബാധിതനായ പൈലറ്റ് പറത്തിയത്. വിമാനത്തിൽ കയറും മുൻപ് പ്രാഥമിക പരിശോധന നടത്തിയിരുന്നുവെങ്കിലും രോഗനിർണയത്തിൽ വീഴ്ച പറ്റി. പിന്നീട് സാംപിളുകളുടെ പരിശോധനാ ഫലം വന്നപ്പോൾ രോഗമുണ്ടെന്നു കണ്ടെത്തി. അപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു.
സഹപൈലറ്റും എയർ ഹോസ്റ്റസുമാരുമാണു വിമാനത്തിലുണ്ടായിരുന്നത്. മോസ്കോയിലിറങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണു തിരിച്ചുപറക്കാൻ പൈലറ്റിനു നിർദേശം ലഭിച്ചത്. ഡൽഹിയിലിറങ്ങിയ ഉടൻ പൈലറ്റിനെയും മറ്റുള്ളവരെയും ക്വാറന്റീനിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. മോസ്കോയിലേക്കു മറ്റൊരു വിമാനം അയയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.