കേന്ദ്രമന്ത്രിക്കെതിരെ വീണ്ടും കേസ്
Mail This Article
ജയ്പുർ ∙ കോൺഗ്രസ് – ബിജെപി രാഷ്ട്രീയപ്പോരു മുറുകിയ രാജസ്ഥാനിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ ഒരു കേസ് കൂടി. സഞ്ജീവനി ക്രെഡിറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകർക്കു 900 കോടി രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് കേസ്. 2019 ഓഗസ്റ്റിൽ പ്രത്യേകാന്വേഷണസംഘം (എസ്ഒജി) ഏറ്റെടുത്ത കേസിൽ മന്ത്രിയെയും പ്രതി ചേർത്തെങ്കിലും മജിസ്ട്രേട്ട് കോടതി ഒഴിവാക്കുകയായിരുന്നു.
ഇതിനെതിരെ മന്ത്രിയെ സംരക്ഷിക്കാൻ എസ്ഒജി ശ്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ചു 2 നിക്ഷേപകർ നൽകിയ പരാതിയിലാണു ജയ്പുർ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അന്വേഷണത്തിന് ഉത്തരവു നൽകിയത്. മന്ത്രിയുടെ ഭാര്യയടക്കം കേസിൽ ആരോപണ വിധേയരാണ്.
കോൺഗ്രസ് റിബൽ എംഎൽഎമാരെ പണം വാഗ്ദാനം ചെയ്തു കൂറുമാറ്റത്തിനു പ്രേരിപ്പിച്ചെന്ന പേരിൽ മന്ത്രിക്കെതിരേ നിലവിൽ കേസുണ്ട്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ ശബ്ദേഖ യുഎസിൽ അയച്ചു ആധികാരികത പരിശോധിക്കുന്നതിനും തയാറെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി.