മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
Mail This Article
ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. ആർമി റഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെയായിരുന്നു. വാജ്പേയി മന്ത്രിസഭകളിൽ ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2014ൽ ബിജെപിയിൽനിന്നു പുറത്താക്കിയിരുന്നു. കുളിമുറിയിൽ തലയിടിച്ചു വീണതിനെത്തുടർന്നു വർഷങ്ങളായി അബോധാവസ്ഥയിലായിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂണിലാണ് ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശീതൾകുമാരി. മുൻ ബിജെപി എംപി മാനവേന്ദ്രസിങ് അടക്കം 2 മക്കളുണ്ട്.
1938ൽ രാജസ്ഥാനിൽ ജനിച്ച ജസ്വന്ത് സിങ് 19ാം വയസ്സിൽ കരസേനയിൽ ചേർന്നു. മേജറായിരിക്കെ 1965ൽ രാജിവച്ചു ജനസംഘത്തിൽ ചേർന്നു. 5 തവണ രാജ്യസഭാംഗവും 4 തവണ ലോക്സഭാംഗവുമായിരുന്നു.
2009ൽ മുഹമ്മദലി ജിന്നയെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ജിന്നയെ പ്രശംസിച്ചുവെന്ന വിവാദത്തെത്തുടർന്നാണു ബിജെപിയിൽനിന്ന് ആദ്യം പുറത്താക്കിയത്. 2010ൽ തിരിച്ചെത്തിയെങ്കിലും 2014ൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെത്തുടർന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ബാർമർ മണ്ഡലത്തിൽ വിമതനായി മത്സരിച്ചു. തുടർന്നു വീണ്ടും പുറത്താക്കി.ജസ്വന്ത് സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കൾ അനുശോചിച്ചു.