ADVERTISEMENT

ഹൈദരാബാദ് ∙ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആർക്കും തനിച്ചു ഭൂരിപക്ഷമില്ലാത്ത സ്ഥിതി. 150 അംഗ കോർപറേഷനിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) 55 സീറ്റുകളിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരെ രംഗത്തിറക്കി പ്രചാരണം നടത്തിയ ബിജെപി 48 സീറ്റുകൾ നേടി. ഹൈദരാബാദ് പഴയ നഗര മേഖലയിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) 44 സീറ്റുകൾ നേടി. കോൺഗ്രസിനു 2 സീറ്റുകൾ മാത്രം. 

കഴിഞ്ഞ തവണ ടിആർഎസ് വിജയിച്ച നാൽപതിലേറെ വാർഡുകൾ ഇത്തവണ ബിജെപി പിടിച്ചെടുത്തു. 2016ൽ സാന്നിധ്യം പോലുമില്ലാതിരുന്ന മേഖലകളിൽ കടന്നുകയറിയാണു ബിജെപി ടിആർഎസിനെ ഞെട്ടിച്ചത്. ഇരുകക്ഷികളും തമ്മിലുള്ള വ്യത്യാസം 7 സീറ്റുകൾ മാത്രം. മേയർ സ്ഥാനം നിലനിർത്താൻ ടിആർഎസിന് ഉവൈസിയുടെ പിന്തുണ തേടേണ്ടിവരും.

4 വർഷം മുൻപു നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ ടിആർഎസ് 99 സീറ്റുകൾ നേടിയിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ ടിആർഎസിന് അനുകൂലമായിരുന്നു. ഹൈദരാബാദിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കം അവർക്കു തിരിച്ചടിയായെന്നു വിലയിരുത്തലുണ്ട്. പ്രളയബാധിത ബാധിത കുടുംബങ്ങൾക്കെല്ലാം 10,000 രൂപ വീതം നൽകിയെങ്കിലും ഈ മേഖലകളിലെല്ലാം ബിജെപി വിജയം നേടി.   തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്.

English Summary: Hyderabad civic polls, counting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com