വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ്-01ന്റെ വിക്ഷേപണം വിജയം
Mail This Article
ബെംഗളൂരു ∙ ഇന്ത്യയുടെ 42-ാം വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ്-01ന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി സി 50 റോക്കറ്റ് ഉപയോഗിച്ച് ഉച്ചയ്ക്ക് 3.41ന് വിക്ഷേപിച്ച ഉപഗ്രഹം 20 മിനിറ്റ് 12 സെക്കൻഡിൽ ഭൂമിയോടടുത്ത ഭ്രണമ പഥത്തിൽ എത്തിച്ചു. തുടർന്നു സോളർ പാനലുകൾ പ്രവർത്തനം ആരംഭിച്ചു. ഹാസനിലെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി, ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്റോ) ചെയർമാൻ ഡോ.കെ ശിവൻ പറഞ്ഞു. 21ന് ഭൂസ്ഥിര ഭ്രമണപഥത്തിൽ പ്രതിഷ്ഠിക്കും.
രാജ്യത്തെ വാർത്താവിനിമയ ശൃംഖല ശക്തിപ്പെടുത്തുന്ന എക്സ്റ്റൻഡഡ് സി ബാൻഡ് ട്രാൻസ്പോണ്ടറുകളാണ് ഈ ഉപഗ്രഹത്തിലുള്ളത്. 11 വർഷം മുൻപു വിക്ഷേപിച്ച ജിസാറ്റ്-12ന്റെ തുടർച്ചയായി സിഎംഎസ്-01 പ്രവർത്തിക്കും. കാലാവധി 7 വർഷം. ഇക്കൊല്ലം ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണ വിജയമാണിത്.
അടുത്ത ദൗത്യമായ പിഎസ്എൽവി- സി 51 ഇന്ത്യൻ ബഹിരാകാശ രംഗത്തെ സ്വകാര്യവൽക്കരണ യുഗത്തിനു തുടക്കമിടുമെന്ന് ഡോ.ശിവൻ പറഞ്ഞു. പിക്സലിന്റെ ‘ആനന്ദ്’, സ്പേസ്കിഡ്സ് ഇന്ത്യയുടെ ‘സതീഷ് ധവാൻ സാറ്റ്’, 3 സർവകലാശാലകൾ ചേർന്നു വികസിപ്പിച്ച ‘യൂണിവ്സാറ്റ്’ എന്നിങ്ങനെ 3 സ്വകാര്യ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിന്റെ ഭാഗമാണ്.