പെൻഷനാകാത്ത പഠനമോഹം; അറുപത്തിനാലുകാരൻ ഒഡീഷയിൽ എംബിബിഎസ് വിദ്യാർഥി
Mail This Article
ന്യൂഡൽഹി ∙ അസാധ്യമെന്നോർത്തു മോഹങ്ങൾ മനസ്സിലിട്ടു മൂടുന്നവർ ഒഡീഷയിലെ ഭാർഗഡ് സ്വദേശി ജയ്കിഷോർ പ്രധാനെ (64) കണ്ടുപഠിക്കണം. 33 വർഷത്തെ ബാങ്ക് ജോലിയിൽനിന്നു വിരമിച്ച ജയ്കിഷോർ കഴിഞ്ഞ ദിവസം എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിയായി ചേർന്നു. അതും മക്കളുടെ പ്രായമുള്ള മിടുക്കർക്കൊപ്പം ‘നീറ്റ്’ പ്രവേശന പരീക്ഷയെഴുതി സർക്കാർ കോളജിൽ.
എസ്ബിഐ ഡപ്യൂട്ടി മാനേജരായി 2016 ലാണു വിരമിച്ചത്. 1970 കളിൽ വിദ്യാർഥിയായിരിക്കെ മെഡിക്കൽ പഠനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബിഎസ്‌സി ഫിസിക്സ് ബിരുദം നേടി പ്രൈമറി സ്കൂൾ അധ്യാപകനായി. 1983 ൽ ബാങ്ക് ജീവനക്കാരനും.
പഠനത്തിൽ സഹായിക്കുന്ന അച്ഛന്റെ ഓർമശക്തി കണ്ടു മക്കളാണ് നീറ്റെഴുതാൻ പ്രോത്സാഹിപ്പിച്ചത്. മൂത്തത് ഇരട്ടക്കുട്ടികളായിരുന്നു. ഇളയത് പത്താംക്ലാസിൽ പഠിക്കുന്ന മകനും. മൂത്ത കുട്ടികൾ ബിഡിഎസിനു പഠിക്കുന്നതിനിടെയായിരുന്നു അച്ഛന്റെ തയാറെടുപ്പ്. പഠനത്തിനു പ്രായപരിധിയില്ലെന്ന സുപ്രീം കോടതി വിധി ബലമായി. റാങ്ക് അൽപം പിന്നിൽ പോയെങ്കിലും ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടയിൽ സർക്കാർ കോളജിൽ തന്നെ പ്രവേശനം കിട്ടി.