ADVERTISEMENT

അഹമ്മദാബാദ് ∙ മുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. ഇന്നലെ രാവിലെ ഗാന്ധിനഗറിലെ വസതിയിലായിരുന്നു അന്ത്യം. 

1991 ൽ നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായെങ്കിലും ബൊഫോഴ്സ് കേസുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ഒരുവർഷമെത്തും മുൻപ് രാജിവച്ചു. 2 തവണ ഗുജറാത്തിൽ നിന്നു രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ബറൂച്ച് ജില്ലയിലെ പിലൂദ്രയിൽ ജനിച്ച സോളങ്കി രാഷ്ട്രീയത്തിൽ എത്തുന്നതിനു മുൻപ് പത്രപ്രവർത്തകനായും അഭിഭാഷകനായും സേവനമനുഷ്ഠിച്ചു. 1957 ൽ എംഎൽഎയും 1975 ൽ ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റുമായി. 1976 ൽ മുഖ്യമന്ത്രിയായെങ്കിലും അടുത്തവർഷം കാലാവധി അവസാനിച്ചു. 1980 ൽ വീണ്ടും മുഖ്യമന്ത്രിപദവിയിലെത്തി. സംവരണ വിരുദ്ധസമരത്തിന്റെ പേരിൽ 1985 ൽ അധികാരമൊഴിഞ്ഞു. പിന്നാക്ക വിഭാഗക്കാർക്ക് 10% സംവരണം ഏർപ്പെടുത്തിയതാണ് സോളങ്കിയുടെ കസേര തെറിപ്പിച്ച കലാപമായി മാറിയത്. 182 ൽ 149 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തി. 1989 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിൽ എത്തിയതോടെ, നരേന്ദ്ര മോദിക്കു മുൻപ് ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയെന്ന ബഹുമതി സോളങ്കി സ്വന്തമാക്കി.1995 ൽ ബിജെപി ഗുജറാത്തിൽ അധികാരം പിടിച്ചതോടെ അദ്ദേഹം സജീവ രാഷ്ട്രീയം മതിയാക്കി.

പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ സോളങ്കി ‘ബേഡ്‌സ് ഓഫ് ഗുജറാത്ത്’, ‘ദ് മൗണ്ട് എവറസ്‌റ്റ്’ എന്ന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വിമല ബഹൻ ആണ് ഭാര്യ. മുൻ കേന്ദ്രമന്ത്രി ഭരത്‌ സോളങ്കി ഉൾപ്പെടെ 5 മക്കൾ.

മാധവ് സിങ് സോളങ്കിയുടെ വേർപാടിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു. 

Content Highlight: Madhav Singh Solanki passes away

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com