ADVERTISEMENT

ന്യൂഡൽഹി ∙ അക്കൗണ്ട് ഉടമയുടെ പിഴവുമൂലമല്ല പണം നഷ്ടപ്പെട്ടതെങ്കിൽ ഉത്തരവാദിത്തം ബാങ്കിനു തന്നെയെന്നു ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള ജെസ്ന ജോസിന് അനുകൂലമായി ജില്ലാ, സംസ്ഥാന ഫോറങ്ങൾ നൽകിയ ഉത്തരവിനെതിരെ എച്ച്ഡിഎഫ്സി ബാങ്ക് നൽകിയ ഹർജി ദേശീയ ഫോറം തള്ളി. 

വിദേശത്തു ജീവിക്കുന്ന തന്റെ അക്കൗണ്ടിൽനിന്ന് താനറിയാതെ പണം പിൻവലിക്കപ്പെട്ടതിനു ബാങ്ക് നടപടിയെടുക്കാത്തതിലാണു ജെസ്ന പിതാവു മുഖേന ജില്ലാ ഫോറത്തിൽ പരാതി നൽകിയത്. ഫോറെക്സ് കാർഡുള്ള അക്കൗണ്ടിൽ നിന്ന് 6000 യുഎസ് ഡോളർ പിൻവലിക്കപ്പെട്ടെന്നായിരുന്നു കണ്ടെത്തിയത്. കാർഡ് സുരക്ഷിതമായി വയ്ക്കാതിരുന്നതും ഇടപാടുകളെക്കുറിച്ച് എസ്എംഎസ് സന്ദേശം വേണ്ടെന്ന് അക്കൗണ്ട് ഉടമ തീരുമാനിച്ചതുമാണു പ്രശ്നത്തിനു കാരണമെന്നു ബാങ്ക് വാദിച്ചു. ബാങ്ക് 6,110 ഡോളറിനു തുല്യമായ ഇന്ത്യൻ രൂപയും 12% പലിശയും അക്കൗണ്ട് ഉടമയ്ക്കുണ്ടായ മാനസികപ്രയാസത്തിനു 40000 രൂപയും കേസ് നടത്തിപ്പു ചെലവായി 5000 രൂപയും നൽകണമെന്നു ജില്ലാ ഫോറം വിധിച്ചു. ഇതിനെതിരെ ബാങ്ക് നൽകിയ അപ്പീൽ സംസ്ഥാന ഫോറം തള്ളി. ഈ ഉത്തരവുകളിൽ ഇടപെടാൻ തക്കകാരണമില്ലെന്ന് ദേശീയ ഫോറം വ്യക്തമാക്കി. 

കാർഡ് മോഷ്ടിക്കപ്പെട്ടിരിക്കാമെന്നു ബാങ്ക് വാദിച്ചെങ്കിലും അതിനുതക്ക തെളിവു ഹാജരാക്കിയില്ല. കാർഡ് ഹാക്ക് ചെയ്യപ്പെടാനോ വ്യാജകാർഡ് ഉപയോഗിച്ചിരിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. കാർഡ് മോഷ്ടിക്കപ്പെട്ടെന്നു തെളിവില്ലാത്തപ്പോൾ ഉത്തരവാദിത്തം ബാങ്കിനു തന്നെയാണ്. അക്കൗണ്ട് ഉടമയുടേതല്ല പിഴവെങ്കിൽ ഉത്തരവാദിത്തം ബാങ്കിനെന്ന് റിസർവ് ബാങ്ക് 2017 ജൂലൈ 6ന്റെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുമുണ്ട്– ദേശീയ ഫോറം അംഗം ജി.വിശ്വനാഥൻ ഉത്തരവിൽ വിശദീകരിച്ചു. 

Content Highlight: Money lost from bank account case

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com