അസമിലും കോൺഗ്രസ് – സിപിഎം മുന്നണി
Mail This Article
ന്യൂഡൽഹി ∙ ബംഗാളിനു പുറമേ അസം നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ചു മത്സരിക്കാൻ കോൺഗ്രസും ഇടതു കക്ഷികളും തീരുമാനിച്ചു. ബദറുദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിനെയും (എഐയുഡിഎഫ്) ഒപ്പം കൂട്ടി വിശാല പ്രതിപക്ഷ മുന്നണി നിലവിൽ വന്നു. കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎൽ), എഐയുഡിഎഫ്, പുതുതായി രൂപം കൊണ്ട അഞ്ചലിക് ഗണമോർച്ച എന്നിവയടക്കം 6 കക്ഷികളാണു ബിജെപിക്കെതിരായ മുന്നണിയിൽ കൈകോർത്തത്.
മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പിന്നീടു തീരുമാനിക്കും. സംസ്ഥാനത്തെ ഭിന്നിപ്പിക്കുന്ന ബിജെപിയെ പുറത്താക്കുകയാണു ലക്ഷ്യമെന്ന് അസമിന്റെ സംഘടനാ ചുമതല വഹിക്കുന്ന കോൺഗ്രസ് ദേശീയ ഭാരവാഹി ജിതേന്ദ്ര സിങ് പറഞ്ഞു.
കോൺഗ്രസ് ഉൾപ്പെട്ട മുന്നണി അവിശുദ്ധ കൂട്ടുകെട്ടാണെന്നും അതിനു ജനങ്ങൾ മറുപടി നൽകുമെന്നും ബിജെപി വക്താവ് രൂപം ഗോസ്വാമി ആരോപിച്ചു.
ഭരണകക്ഷിയായ ബിജെപിയെ നേരിടാൻ ഇടതു കക്ഷികളെ ഒപ്പം ചേർക്കണമെന്ന് അസം പിസിസി ഘടകം ഹൈക്കമാൻഡിനോടു ശുപാർശ ചെയ്തിരുന്നു.
English Summary: Congress - CPM alliance in Assam