ADVERTISEMENT

ന്യൂഡൽഹി ∙ ഗായിക കെ.എസ്. ചിത്രയ്ക്കു പത്മഭൂഷൺ. ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിനു മരണാനന്തര അംഗീകാരമായി പത്മവിഭൂഷൺ ലഭിച്ചു. കേരളത്തിൽനിന്നു കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.ടി. ഉഷയുടെ പരിശീലകനായിരുന്ന അത്‌ലറ്റിക് കോച്ച് ഒ.എം. നമ്പ്യാർ, തോൽപാവക്കൂത്തു കലാകാരൻ കെ.കെ. രാമചന്ദ്ര പുലവർ, ബാലൻ പൂതേരി (സാഹിത്യം), ഡോ. ധനഞ്ജയ് ദിവാകർ സദ്‌ദേവ് (വൈദ്യശാസ്ത്രം) എന്നിവർക്കും ലക്ഷദ്വീപിൽനിന്നു സമുദ്രഗവേഷകൻ അലി മണിക്ഫാനും പത്മശ്രീ ലഭിച്ചു.

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഹൃദ്രോഗ വിദഗ്ധൻ ഡോ. ബി.എം. ഹെഗ്ഡെ, ഇസ്‌ലാമിക പണ്ഡിതൻ മൗലാന വഹീദുദ്ദീൻ ഖാൻ എന്നിവടക്കം 7 പേർക്കാണു പത്മവിഭൂഷൺ. ലോക്സഭാ മുൻ സ്പീക്കർ സുമിത്ര മഹാജൻ, കന്നഡ സാഹിത്യകാരൻ ചന്ദ്രശേഖര കമ്പാർ എന്നിവരടക്കം 10 പേർക്കു പത്മഭൂഷൺ. അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്, ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ, മുൻ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ എന്നിവർക്കു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ ലഭിച്ചു.

padmaaward2
ഒ.എം. നമ്പ്യാർ , ബാലൻ പൂതേരി, ബോംബെ ജയശ്രീ, രാമചന്ദ്ര പുലവർ

ചിത്രയ്ക്കു 2005ൽ പത്മശ്രീ ലഭിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ആറു തവണയും കേരള സംസ്ഥാന അവാർഡ് 16 തവണയും ലഭിച്ചു.  കൈതപ്രം ദാമോദരൻ നമ്പൂതിരി (70)  നാനൂറിലേറെ സിനിമകൾക്കായി ആയിരത്തിലേറെ ഗാനങ്ങൾ രചിച്ചു. ഒ.എം.നമ്പ്യാർ 32 വർഷം കേരളത്തിന്റെ അത്‌ലറ്റിക് കോച്ചായിരുന്നു. ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവാണ് (1985). പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ ജോലി ഉപേക്ഷിച്ചു തോൽപാവക്കൂത്തിനായി ജീവിതം സമർപ്പിച്ച രാമചന്ദ്ര പുലവർ പാലക്കാട് ഷൊർണൂർ സ്വദേശിയാണ്. മലപ്പുറം കരിപ്പൂർ സ്വദേശിയായ ബാലൻ പുതേരി ആദ്യ പുസ്തകമായ ‘ക്ഷേത്രാരാധന’ (1983) മുതൽ ഇതുവരെ 214 പുസ്തകങ്ങൾ രചിച്ചു. ജന്മനാ കാഴ്ചപരിമിതികളുണ്ടായിരുന്ന അദ്ദേഹം 2001ൽ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടശേഷമാണ് നൂറോളം പുസ്തകങ്ങളും എഴുതിയത്. മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശിയായ ഡോ. ധനഞ്ജയ് ദിവാകര്‍ സഖ്ദേവ് വയനാട്ടിലെ ആദിവാസി മേഖലയില്‍ സേവനമനുഷ്ഠിക്കുന്നു. 

ഗായിക ബോംബെ ജയശ്രീ, ഗോവ മുൻ ഗവർണർ മൃദുല സിൻഹ, നാടക സംവിധായകൻ പീറ്റർ ബ്രൂക്, ബംഗ്ലദേശിൽ നിന്നുള്ള ലഫ്. കേണൽ ഖ്വാസി സജ്ജാദ് അലി സാഹിർ, സ്പെയിനിലെ ജസ്വിറ്റ് വൈദികൻ ഫാ. കാർലേസ് ഗോൺസാൽവസ് (മരണാനന്തരം), ഗ്രീസിൽ നിന്ന് ഇന്ത്യയെക്കുറിച്ചു വിഖ്യാത പഠനങ്ങൾ നടത്തിയ നിക്കോളാസ് കസാനാസ് എന്നിവരടക്കം 102 പേർക്കാണു പത്മശ്രീ പുരസ്കാരം.

padmaaward3
അലി മണിക്ഫാൻ, ധനഞ്ജയ് ദിവാകർ

ഈ അംഗീകാരം  ശ്രോതാക്കൾക്ക്

പാടിയ 13 ഭാഷകളിലെയും ശ്രോതാക്കൾക്കും ഗുരുക്കന്മാർക്കും ഈ അംഗീകാരം സമർപ്പിക്കുന്നു. മാതൃഭാഷയും പാടിത്തുടങ്ങിയ ഭാഷയുമായ മലയാളത്തിനു നന്ദി. ദൈവത്തിനും മാതാപിതാക്കൾക്കും നന്ദി. എല്ലാ  സംഗീത സംവിധായകർക്കും പാട്ടെഴുത്തുകാർക്കും കൂടിയുള്ള അംഗീകാരമാണിത്.

-കെ.എസ്. ചിത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com