പുതുച്ചേരി യുദ്ധം; കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ബിജെപി
Mail This Article
ചെന്നൈ ∙ രണ്ടാഴ്ചയ്ക്കിടെ 4 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായ പുതുച്ചേരിയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലഫ്.ഗവർണർക്കു കത്തു നൽകി.
14 എംഎൽഎമാർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി നിയമിതയായ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഇന്നു ചുമതലയേൽക്കും. ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷയായ അവർ സർക്കാരിനോടു ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുമെന്നാണു സൂചന. തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. 25നു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു പ്രചാരണത്തിനെത്തും.
നാമനിർദേശം ചെയ്യപ്പെട്ട 3 ബിജെപി എംഎൽഎമാരുൾപ്പെടെ 33 അംഗങ്ങളാണു പുതുച്ചേരി നിയമസഭയിൽ. ഇതിൽ 2 മന്ത്രിമാരുൾപ്പെടെ 4 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു. ഒരാളെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ അയോഗ്യനാക്കി.
2 പേർ ബിജെപിയിൽ ചേർന്നു. മറ്റുള്ളവർ ഉടൻ ചേരും. നിലവിൽ സഭയുടെ അംഗബലം 28. കോൺഗ്രസിന്റെ 10 ഉൾപ്പെടെ ഭരണ പക്ഷത്ത് 14, എൻആർ കോൺഗ്രസ് 7, അണ്ണാഡിഎംകെ 4, ബിജെപി 3 എന്നിങ്ങനെയായി പ്രതിപക്ഷത്തും 14.
സർക്കാർ പ്രതിസന്ധിയിലാണെങ്കിലും ഭൂരിപക്ഷം തെളിയിക്കുമെന്ന അവകാശവാദം മുഖ്യമന്ത്രി വി.നാരായണ സാമി ആവർത്തിച്ചു. വിശ്വാസ വോട്ടു നേരിടേണ്ടിവന്നാൽ 2 പ്രതിപക്ഷ എംഎൽഎമാർ പിന്തുണയ്ക്കുമെന്നു കോൺഗ്രസ് അവകാശപ്പെടുന്നു.