യാത്രാവിലക്ക് നീക്കണമെന്ന ഷെട്ടിയുടെ ഹർജി തള്ളി
Mail This Article
ബെംഗളൂരൂ ∙ ഇന്ത്യ വിടുന്നതിനുള്ള വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ടു വ്യവസായി ബി.ആർ.ഷെട്ടി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി.
എൻഎംസി ഹെൽത്ത്, ഫിനാബ്ലർ, യുഎഇ എക്സ്ചേഞ്ച് തുടങ്ങിയ തന്റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടർന്നാണ് അദ്ദേഹം യുഎഇ വിട്ട് ഇന്ത്യയിലെത്തിയത്. നവംബറിൽ അബുദാബിയിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ തടയുകയായിരുന്നു.
2800 കോടി രൂപ ഷെട്ടിയുടെ കമ്പനികൾ തിരിച്ചടയ്ക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവരുടെ പരാതിയിൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയതിനെ തുടർന്നാണു യാത്രാ വിലക്ക്. ലുക്ക്ഒൗട്ട് സർക്കുലറുകൾ തെറ്റായി പുറപ്പെടുവിച്ചതാണെങ്കിൽ, ഷെട്ടിക്ക് നേരിട്ടു ബാങ്കുകളെ സമീപിച്ചു ബോധ്യപ്പെടുത്താമെന്നു ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
യുഎഇയിൽ നിന്നു കടന്നുകളഞ്ഞതല്ലെന്നും മരണക്കിടക്കയിലായിരുന്ന സഹോദരനെ സന്ദർശിക്കാനാണ് ഇന്ത്യയിലെത്തിയതെന്നുമാണു ഷെട്ടിയുടെ വിശദീകരണം.