സ്വന്തം ടീം ഇല്ലാതെ ഗോളടിച്ച് ബിജെപി; ‘ഓപ്പറേഷൻ പുതുച്ചേരി’ ഒന്നാംഭാഗം വിജയം; രണ്ടാംഭാഗം കടുകട്ടി
Mail This Article
ചെന്നൈ∙ വിശ്വാസ വോട്ടിൽ അടിതെറ്റി വി.നാരായണ സാമി സർക്കാർ രാജിവച്ചതോടെ, ദക്ഷിണേന്ത്യയിലൊരിടത്തും കോൺഗ്രസ് നേരിട്ടോ സഖ്യമായോ ഭരിക്കുന്ന സംസ്ഥാനമില്ലാതായി. എതിരാളികളെ വീഴ്ത്തുന്നതിൽ രാഷ്ട്രീയ ധാർമികത ബാധകമല്ലെന്നു പലവട്ടം തെളിയിച്ച ബിജെപി ‘ഓപ്പറേഷൻ പുതുച്ചേരിയുടെ’ ആദ്യഭാഗം വിജയകരമായി പൂർത്തിയാക്കി.
എന്നാൽ, ഒരു എംഎൽഎ പോലുമില്ലാത്ത ബിജെപിക്കു വരുന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സ്വന്തം മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കുക അത്ര എളുപ്പമാവണമെന്നില്ല. ഘടകകക്ഷികളായ എൻ.ആർ.കോൺഗ്രസിനും അണ്ണാഡിഎംകെയ്ക്കും ബിജെപിയുടേത് അതിമോഹമായി തോന്നുന്നതു സ്വാഭാവികം.
1963ൽ ഇന്ത്യൻ യൂണിയനോടു ചേർന്നതു മുതൽ പുതുച്ചേരി രാഷ്ട്രീയത്തിനു ചായ്‌വ് കോൺഗ്രസിനോടാണ്. ബിജെപിയുടെ രാഷ്ട്രീയ ചരിത്രം 2001-ൽ ജയിച്ച ഒറ്റ എംഎൽഎയിൽ ഒതുങ്ങുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണു പുതുച്ചേരിയിൽ ബിജെപിയുടെ കണ്ണു വീണതുതന്നെ. അക്കൊല്ലം കിരൺ ബേദിയെ ലഫ്.ഗവർണറായി നിയമിച്ചു തുടങ്ങിയ ചരടുവലികളുടെ ഫലപ്രാപ്തിയാണു നാരായണ സാമിയുടെ വീഴ്ച.
കോൺഗ്രസിന്റെ തെറ്റായ തീരുമാനങ്ങൾ ബിജെപിയുടെ കളികൾ എളുപ്പമാക്കി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന എ.നമശിവായത്തിന്റെ നേതൃത്വത്തിലാണു പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഭരണം ലഭിച്ചപ്പോൾ, തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ നാരായണ സാമി മുഖ്യമന്ത്രിയായി. പാർട്ടിയിലുണ്ടായ സ്വാഭാവിക അനിഷ്ടങ്ങൾ പറഞ്ഞു തീർക്കാനും ശ്രമമുണ്ടായില്ല.
കോൺഗ്രസിലെ അതൃപ്തരെ ചാക്കിട്ടാണു ബിജെപി സർക്കാരിനെ അട്ടിമറിച്ചത്. നമശിവായം, 4 തവണ എംഎൽഎയായിട്ടും മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന ലക്ഷ്മി നാരായണൻ എന്നിവരുൾപ്പെടെ 5 കോൺഗ്രസ് എംഎൽഎമാരും ഒരു ഡിഎംകെ അംഗവും രാജിവച്ചു. ഇതിൽ പലരും ബിജെപിയിൽ ചേർന്നു കഴിഞ്ഞു. മറ്റുള്ളവരുടെ നോട്ടവും അങ്ങോട്ടു തന്നെ.
സ്വന്തം പദ്ധതി നടപ്പാക്കാൻ കിരൺ ബേദിയെക്കാൾ പാർട്ടിക്കൂറുള്ള ആൾ രാജ്ഭവനിൽ വേണമെന്ന തീരുമാനമാണു തമിഴിസൈ സൗന്ദരരാജൻ (ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷ) എന്ന തെലങ്കാന ഗവർണറെ അധിക ചുമതലയോടെ പുതുച്ചേരിയിലെത്തിച്ചത്.
അതിനിടെ, കോൺഗ്രസ് സഖ്യത്തിലുള്ള ഡിഎംകെ ഒറ്റയ്ക്കു മത്സരിക്കാനുള്ള നീക്കത്തിലാണ്.
രാഷ്ട്രപതി ഭരണം നീട്ടി, സാഹചര്യം അനുകൂലമാകാൻ കാത്തിരിക്കുകയെന്ന തന്ത്രം ബിജെപി പയറ്റുമോയെന്ന സംശയവും ഉയരുന്നു.