പുതുച്ചേരിയിൽ പുതു‘സ്റ്റോറി’; ഭരണം പിടിക്കാനുള്ള ബിജെപി ശ്രമങ്ങൾ നിർണായകം
Mail This Article
വാഴ നനയുമ്പോൾ ചീരയും നനയുമെന്നതു പോലെയായിരുന്നു ഇതുവരെ പുതുച്ചേരിയിലെ തിരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ കൊട്ടും കുരവയ്ക്കുമിടയിൽ പുതുച്ചേരിയിലേക്കു അധികമാരുടെയും കണ്ണു പതിയാറില്ല. എന്നാൽ, ശൂന്യതയിൽ നിന്നു ഭരണം പിടിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ, പുതുച്ചേരിയെന്ന ‘അർധ’സംസ്ഥാനത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രം ബിജെപി ദക്ഷിണേന്ത്യയിൽ ആദ്യമായി പയറ്റുന്നതു പുതുച്ചേരിയിലാണ്. അതിനാൽ, 30 സീറ്റുകൾ മാത്രമുള്ള സംസ്ഥാനത്തെ ഫലത്തിന് അതിൽ കവിഞ്ഞ പ്രാധാന്യമുണ്ട്.
കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതു മുൻ മുഖ്യമന്ത്രി വി.നാരായണ സാമിക്ക് അഭിമാന പ്രശ്നമാണ്. സാമിയെ മുഖ്യമന്ത്രിയായി കെട്ടിയിറക്കിയ ഹൈക്കമാൻഡ് തീരുമാനമാണു പ്രശ്നങ്ങളുടെ മൂല കാരണമെന്ന ആരോപണമുയർന്നു കഴിഞ്ഞു.
എന്നാൽ, ഒറ്റയ്ക്കു മത്സരിച്ചു ശക്തി തെളിയിക്കാൻ ഡിഎംകെ നടത്തുന്ന നീക്കങ്ങൾ കോൺഗ്രസിനു കൂനിന്മേൽകുരുവാണ്. മതനിരപേക്ഷ സഖ്യത്തെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളുണ്ടാകരുതെന്നു കോൺഗ്രസ് അഭ്യർഥിച്ചിട്ടുണ്ട്.
വേരുറയ്ക്കാത്ത സഖ്യങ്ങൾ
മറുവശത്ത് എൻആർ കോൺഗ്രസിന്റെ നേത്വത്തിലുള്ള എൻഡിഎ സഖ്യവും വേരുറച്ചിട്ടില്ല. കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ചു 3 ശതമാനത്തിൽ താഴെ വോട്ടു നേടിയ ബിജെപി ഭരണം പിടിക്കാൻ നടത്തുന്ന ശ്രമം എൻആർ കോൺഗ്രസിനും അണ്ണാഡിഎംകെയ്ക്കും ദഹിച്ചിട്ടില്ല. സീറ്റ് ചർച്ചയിൽ ബിജെപി വലിയ അവകാശവാദങ്ങൾ ഉന്നയിച്ചാൽ സഖ്യം പൊളിയും. അങ്ങനെയെങ്കിൽ കോൺഗ്രസ്, ഡിഎംകെ, ബിജെപി, എൻആർ കോൺഗ്രസ്-അണ്ണാഡിഎംകെ സഖ്യമെന്ന ചതുഷ്കോണ മത്സരത്തിനു കളമൊരുങ്ങാം.
എ.നമശിവായം ഉൾപ്പെടെ കോൺഗ്രസിൽ നിന്നു ബിജെപിയിലേക്കു പോയ നേതാക്കൾക്കു തിരഞ്ഞെടുപ്പു ജയം രാഷ്ട്രീയ ഭാവിയുടെ പ്രശ്നമാണ്. കോൺഗ്രസിന്റെ പുതുച്ചേരി തുരുത്ത് ബിജെപി പിടിക്കുമോയെന്നതു തന്നെയാണു തിരഞ്ഞെടുപ്പിലെ നിർണായക ചോദ്യം.
2016 നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇങ്ങനെ: ആകെ സീറ്റ്: 30, കോൺഗ്രസ്: 15, എൻആർ കോൺഗ്രസ്: 7, അണ്ണാഡിഎംകെ: 4, ഡിഎംകെ: 3, ഇടതു സ്വതന്ത്രൻ 1.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏക സീറ്റിൽ ജയിച്ചതു കോൺഗ്രസ് ആയിരുന്നു.
Content Highlight: Puducherry Assembly Election 2021