അംബാനിയുടെ വസതിക്ക് നേരെ സ്ഫോടന ശ്രമം; ഉത്തരവാദിത്തമേറ്റ് തീവ്രവാദ സംഘടന
Mail This Article
മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയതിന്റെ ഉത്തരവാദിത്തം ജയ്ഷ്-ഉൽ-ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച അവകാശവാദം പോസ്റ്റ് ചെയ്തിരിക്കുന്നത്.
തീവ്രവാദി ബന്ധം സംബന്ധിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നതിനിടെയാണിത്.
‘അംബാനിയുടെ വസതിക്കു മുന്നിൽ വാഹനം ഉപേക്ഷിച്ച സഹോദരൻ സുരക്ഷിതമായി തിരിച്ചെത്തി. ഇത് ട്രെയിലർ മാത്രമാണ്. കൂടുതൽ വലുത് വരാനിരിക്കുന്നതേയുള്ളൂ’ - ജയ്ഷ്-ഉൽ-ഹിന്ദ് സന്ദേശത്തിൽ പറയുന്നു. പണം കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത തവണ മുകേഷ് അംബാനിയുടെ മക്കളുടെ കാറുകളിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുമെന്നും ഭീഷണി മുഴക്കുന്നുണ്ട്. നേരത്തെ, ന്യൂഡൽഹിയിൽ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തവും ജയ്ഷ്-ഉൽ-ഹിന്ദ് ഏറ്റെടുത്തിരുന്നു.
വ്യാഴാഴ്ചയാണ് അംബാനിയുടെ വസതിയിൽ നിന്ന് 600 മീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട കാർ കണ്ടെത്തിയത്.
പരിശോധനയിൽ 20 ജലറ്റിൻ സ്റ്റിക്കുകളും ഭീഷണിക്കത്തും കണ്ടെടുത്തു.