അംബാനി കേസ് അന്വേഷണം എൻഐഎക്ക് കൈമാറി കേന്ദ്രം
Mail This Article
മുംൈബ ∙ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എഎൻഐ) ഏറ്റെടുത്തു. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് മഹാരാഷ്ട്ര സർക്കാർ ഭീകരവിരുദ്ധ സേനയ്ക്ക് (എടിഎസ്) കൈമാറി 3 ദിവസം തികയും മുൻപേയാണിത്. മഹാരാഷ്ട്ര ആവശ്യപ്പെടാതെയും സംസ്ഥാന സർക്കാരിനെ അറിയിക്കാതെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ടാണ് അന്വേഷണം കൈമാറിയത്.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ കഴിഞ്ഞ ദിവസം കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് അജ്ഞാതർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത് എടിഎസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. എൻഐഎയുടെ വരവിൽ ദുരൂഹത സംശയിക്കുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു.
കഴിഞ്ഞ മാസം 25നാണ് മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 20 ജലറ്റിൻ സ്റ്റിക്കുകളും അംബാനി കുടുംബത്തെ വകവരുത്തുമെന്നു ഭീഷണിയുള്ള കത്തും കണ്ടെത്തുകയായിരുന്നു.
English Summary: Central government handed over Ambani case to NIA