പൊലീസ് പോര്! ദെബ്ര മണ്ഡലത്തിൽ നേർക്കുനേർ മുൻ ഐപിഎസുകാർ
Mail This Article
ദെബ്ര മണ്ഡലത്തിലെ മത്സരം ഒരു പൊലീസ് സ്റ്റോറിയാണ്. 2 മുൻ ഐപിഎസുകാർ തമ്മിലാണു പോരാട്ടം. അടുത്ത മാസം വിരമിക്കേണ്ട ഹുമയൂൺ കബീർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. ബിജെപിക്കുവേണ്ടി എതിരിടുന്നത്, മമത ബാനർജിയോടു തെറ്റി ഏതാനും വർഷം മുൻപു രാജിവച്ച ഭാരതി ഘോഷ്.
ദെബ്രക്കാരനായ ഹുമയൂണിന്റെ ആദ്യ മത്സരമാണിത്. ഭാരതി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദെബ്ര ഉൾപ്പെട്ട ഘട്ടൽ മണ്ഡലത്തിൽ തോറ്റിരുന്നു. ഇപ്പോൾ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റാണ്.
കൊൽക്കത്തയിൽനിന്നു 100 കിലോമീറ്ററിലേറെ അകലെ പശ്ചിമ മേദിനിപുർ ജില്ലയിലാണ് ദെബ്ര. ഇന്നലെ നാമനിർദേശപത്രിക നൽകിയ ശേഷവും ഹുമയൂണിന് തിരക്കായിരുന്നു. 4 മണിക്കു കാണാമെന്നു പറഞ്ഞയാൾ ദെബ്രയിലെ തൃണമൂൽ ബ്ലോക്ക് ഓഫിസിലെത്തിയത് മൂന്നര മണിക്കൂർ വൈകിയാണ്. അവിടെ പാർട്ടിയുടെ ഡിവിഷൻ അധ്യക്ഷർക്കു നിർദേശങ്ങൾ നൽകാൻ എത്തിയതാണ്. ഭാര്യ അനിന്ദിത ദാസ് കബീർ ഒപ്പമുണ്ട്.
∙ അടുത്ത മാസം വിരമിക്കാനിരിക്കെ രാജിവച്ചു രാഷ്ട്രീയത്തിൽ ഇറങ്ങാൻ തിടുക്കപ്പെട്ടത് എന്തുകൊണ്ടാണ്?
തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല രാജിവച്ചത്. സിനിമ ചെയ്യാനാണ്. മുൻപ് ഒരു സിനിമയെടുത്തിട്ടുണ്ട്.
നോവലുകൾ എഴുതിയിട്ടുണ്ട്. അടുത്ത സിനിമയുടെ ഒരുക്കത്തിനായി മുംബൈയിലേക്കു പോകാനിരുന്നതാണ്. ഇതിനിടയിൽ ഭാര്യ തൃണമൂലിൽ ചേർന്നു. ഇപ്പോഴത്തെ സാഹചര്യം എന്നെയും രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചു.
∙ എംഎൽഎയായാൽ സിനിമാ പദ്ധതി മാറ്റിവയ്ക്കേണ്ടി വരും?
ഇല്ല. ഫലം വരാൻ മേയ് 2 വരെ സമയമുണ്ട്. അതിനിടയിൽ കുറച്ചു കാര്യങ്ങൾ ചെയ്യാം. എംഎൽഎയായാൽ മണ്ഡലം നോക്കാതെ സിനിമയുടെ പിന്നാലെ പോകില്ല.
∙ എന്താണ് രാഷ്ട്രീയത്തിലേക്കു പിടിച്ചുവലിച്ച സാഹചര്യം?
ഗുരുതര സാഹചര്യമല്ലേ. കേന്ദ്രം ഭരിക്കുന്ന പാർട്ടി ജനാധിപത്യവും അഭിമാനവും നശിപ്പിച്ചു. അവരുടെ നേതാക്കൾ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു. ജനങ്ങളെ അവർ വിഭജിക്കുന്നു. അങ്ങനെയൊരു പാർട്ടിയെ അകറ്റി നിർത്താൻ ഞാനും എന്തെങ്കിലും ചെയ്യണമെന്നു തോന്നി.
∙ ആദ്യ മത്സരംതന്നെ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥയോടാണ്. താങ്കൾ സ്ഥാനാർഥിയാണെന്ന് അറിഞ്ഞാണോ ഭാരതി ഘോഷിനെ ബിജെപി നിശ്ചയിച്ചത്?
അറിയില്ല. ഐപിഎസുകാർ എന്നതൊന്നും പ്രശ്നമല്ല. വർഗീയശക്തികളും സാധാരണ ജനങ്ങളും തമ്മിലുള്ള പോരാട്ടമാണിത്.
∙ 2019 ലെ തിരഞ്ഞെടുപ്പ് അക്രമക്കേസിൽ ഭാരതി ഘോഷ് അറസ്റ്റ് വാറന്റ് നേരിടുകയായിരുന്നല്ലോ. തിരഞ്ഞെടുപ്പു കഴിയുന്നതു വരെ അവർക്കെതിരെ നടപടി പാടില്ലെന്നു സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്?
അത്തരം ഉത്തരവിലൊന്നും അതിശയമില്ല. രാജ്യത്തെ ജനങ്ങളിൽ എത്രപേർക്കാണ് ഇപ്പോൾ സുപ്രീം കോടതിയിൽ പോലും വിശ്വാസമുള്ളത്?
∙ ഐപിഎസുകാർ എന്ന നിലയിൽ ഭാരതി ഘോഷുമായി നേരത്തേ പരിചയമുണ്ടോ?
പരിചയമൊന്നുമില്ല. നൂറുകണക്കിന് ഉദ്യോഗസ്ഥരുള്ളതല്ലേ. പരിചയക്കാരാണെങ്കിലും തിരഞ്ഞെടുപ്പിൽ അതൊന്നും വിഷയമല്ല. ആശയങ്ങൾ തമ്മിലാണു മത്സരം.