സ്വന്തം മുഖ്യമന്ത്രിയെന്ന മോഹം ഉപേക്ഷിക്കാതെ ബിജെപി: രംഗസാമി എൻഡിഎയിൽ തന്നെ
Mail This Article
ചെന്നൈ ∙ പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽത്തന്നെ തുടരാൻ എൻ.രംഗസാമിയുടെ എൻആർ കോൺഗ്രസ് തീരുമാനിച്ചു. 30 അംഗ നിയമസഭയിൽ 16 സീറ്റിൽ മത്സരിക്കും. ബാക്കി 14 സീറ്റ് അണ്ണാഡിഎംകെയും ബിജെപിയും പങ്കിടും. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചു മുന്നണി വിട്ട പിഎംകെ 12 സീറ്റിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നറിയിച്ചു.
പ്രതിഷേധവും ബഹിഷ്കരണവും നിഴൽ വീഴ്ത്തിയ വേദിയിലായിരുന്നു എൻഡിഎ സഖ്യപ്രഖ്യാപനം. സഖ്യത്തെ രംഗസാമി നയിക്കുമെങ്കിലും മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം എംഎൽഎമാർ തീരുമാനിക്കുമെന്നു ബിജെപി നേതാവ് നിർമൽ കുമാർ സുരാന പറഞ്ഞതോടെ എൻആർ കോൺഗ്രസ് പ്രവർത്തകർ ബഹളംവച്ചു. രംഗസാമിയെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. പിന്നീട്, ബിജെപി കേന്ദ്രനേതൃത്വം നേരിട്ടു വിളിച്ചു സംസാരിച്ചതിനെത്തുടർന്നാണു രംഗസാമി വഴങ്ങിയത്.
മുഖ്യമന്ത്രി മോഹത്തോടെ കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ മുൻ മന്ത്രി നമശിവായം ചടങ്ങു ബഹിഷ്കരിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തു.14 സീറ്റിൽ അണ്ണാഡിഎംകെയ്ക്കു ബിജെപി 3 സീറ്റ് വാഗ്ദാനം ചെയ്തെന്നാണു സൂചന. സ്വന്തം മുഖ്യമന്ത്രിയെന്ന മോഹം ബിജെപി പൂർണമായി ഉപേക്ഷിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനു ശേഷം വിലപേശാനുള്ള സാധ്യത തുറന്നിട്ടാണു നീക്കം.അതേസമയം, കോൺഗ്രസ് - ഡിഎംകെ ചർച്ചയിൽ ഇന്നലെയും ധാരണയായില്ല.