ടൂൾകിറ്റ് കേസ്: ശാന്തനു, നികിത അറസ്റ്റ് 15 വരെ വിലക്കി
Mail This Article
ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരുടെ അറസ്റ്റ് ഡൽഹി കോടതി 15 വരെ വിലക്കി.
ഇരുവരുടെയും ജാമ്യാപേക്ഷയും അന്നു പരിഗണിക്കും. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണു അറസ്റ്റ് തടഞ്ഞത്.
നേരത്തേ ബോംബെ ഹൈക്കോടതി നികിത ജേക്കബിനു അറസ്റ്റിൽ നിന്ന് 3 ആഴ്ച സംരക്ഷണം നൽകി ട്രാൻസിറ്റ് ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണു നികിത ഡൽഹി കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ശാന്തനുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ച ഡൽഹി കോടതി ഇന്നലെ വരെ അറസ്റ്റ് തടഞ്ഞിരുന്നു.
കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച മറുപടി ഇന്നലെയാണു ലഭിച്ചതെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും ഇരുവർക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ വൃന്ദ ഗ്രോവർ, റെബേക്ക ജോൺ എന്നിവർ വാദിച്ചു. ഇരുവരും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇവർ വ്യക്തമാക്കി. തുടർന്നാണു അറസ്റ്റ് 15 വരെ തടഞ്ഞുള്ള ഇടപെടൽ.
നികിതയും ശാന്തനുവും ദിശ രവിയും ചേർന്നാണു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾ കിറ്റു’മായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിച്ചതെന്നാണു പൊലീസിന്റെ ആരോപണം.