ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് (60) രാജിവച്ചു. സിങ്ങിനെ മാറ്റണമെന്ന് സംഘ് പരിവാറും പാർട്ടിയുടെ ഭൂരിഭാഗം എംഎൽഎമാരും ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ, സ്ഥാനമൊഴിയാൻ ബിജെപി ദേശീയ നേതൃത്വം നിർദേശിക്കുകയായിരുന്നു. പുതിയ മുഖ്യമന്ത്രിയെ ഇന്നു രാവിലെ പ്രഖ്യാപിക്കും.
ഉന്നതവിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്തിനാണു (49) സാധ്യത. അടുത്ത ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു നേതൃമാറ്റം. 20 വർഷം മുൻപു രൂപീകരിച്ച സംസ്ഥാനത്ത് ഇതുവരെയുള്ള 8 മുഖ്യമന്ത്രിമാരിൽ കോൺഗ്രസിന്റെ എൻ.ഡി. തിവാരിക്കു മാത്രമേ 5 വർഷം തികയ്ക്കാൻ സാധിച്ചിട്ടുള്ളു.
2017 ലെ തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 57 സീറ്റ് നേടിയാണു ബിജെപി അധികാരമേറ്റത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനായ ത്രിവേന്ദ്ര സിങ് മുഖ്യമന്ത്രിയാകണമെന്നതു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. എന്നാൽ, തുടക്കംമുതലേ സിങ്ങിന്റെ ശൈലിക്കെതിരെ വിമർശനമുണ്ടായി.
ബദരീനാഥ്, കേദാർനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേതുൾപ്പെടെ 51 ക്ഷേത്രങ്ങളെ സർക്കാരിന്റെ നിയന്ത്രണത്തിലാക്കി കഴിഞ്ഞ ജനുവരിയിൽ നടപ്പാക്കിയ ചാർ ധാം ദേവസ്ഥാനം മാനേജ്മെന്റ് നിയമത്തെ ആർഎസ്എസും വിഎച്ച്പിയും എതിർത്തു. നിയമത്തിനെതിരെ അടുത്ത മാസം പ്രക്ഷോഭം നടത്തുമെന്നു വിഎച്ച്പി പ്രഖ്യാപിച്ചിരിക്കെയാണു മുഖ്യമന്ത്രിയെ മാറ്റാനുള്ള പാർട്ടി തീരുമാനം. ആർഎസ്എസിന്റെ താൽപര്യപ്രകാരമാണു ധൻ സിങ് റാവത്ത് പകരമെത്തുന്നത്.