ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ലോക്സഭാംഗം തീരഥ് സിങ് റാവത്ത് ചുമതലയേറ്റു. ബിജെപിയുടെ നിർദേശപ്രകാരം ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇന്നലെ എംഎൽഎമാരുടെ യോഗത്തിൽ, ത്രിവേന്ദ്ര സിങ്ങാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. 

ബിജെപി ദേശീയ സെക്രട്ടറിയായ തീരഥ് സിങ് ഗഡ്‌വാൾ മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. ഉത്തരാഖണ്ഡിലെ ആദ്യ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ധൻ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നാണു ത്രിവേന്ദ്ര സിങ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ, രാജ്യസഭാംഗം അനിൽ ബെലൂനി, ആർഎസ്എസ് നേതാവ് സുരേഷ് ഭട്ട് തുടങ്ങിയവരുടെ പേരും ചർച്ചയിലുണ്ടായിരുന്നു. 

ആർഎസ്എസ് പിന്തുണച്ചെങ്കിലും താരതമ്യേന ജൂനിയറായ ധൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കുന്നതിനെ മുതിർന്ന മന്ത്രിമാർ എതിർത്തെന്നാണു സൂചന. വിഭാഗീയതയിലോ വിവാദത്തിലോ ഉൾപ്പെടാത്തയാൾ എന്നതാണ് തീരഥ് സിങ്ങിനു നറുക്കുവീഴാൻ കാരണമെന്നു പാർട്ടിവൃത്തങ്ങൾ പറഞ്ഞു. മുൻ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിയുടെ അഭിപ്രായവും കണക്കിലെടുത്തു.

 

Content Highlights: BJP select new CM for Uttarakhand

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com