ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് സിപിഎം സ്ഥാനാർഥി
Mail This Article
ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ ദിവസം ഉച്ചവരെ ഉറങ്ങാനുള്ള പ്ലാൻ പൊളിഞ്ഞ പെൺകുട്ടിയുടെ മുഷിപ്പായിരുന്നു ഐഷിയുടെ മുഖത്ത്. ‘‘ഏയ്, കുഴപ്പമില്ല, ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല. അത്രേയുള്ളൂ. നമുക്കു സംസാരിക്കാം’’ – ഐഷി പറഞ്ഞു.
ഐഷി ഘോഷ്. ജവാഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ്. കുറച്ചു നാൾ മുൻപ്, ഫീസുകൾ കൂട്ടിയതിനെതിരെ സമരം ചെയ്ത് ക്യാംപസിൽ തലയ്ക്കടിയേറ്റു വീണ ഗവേഷണ വിദ്യാർഥി. ഇപ്പോൾ ബംഗാളിലെ ജമൂരിയ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി. വയസ്സ് 26. മത്സരിക്കാൻ പാർട്ടി പറയുമ്പോൾ ഐഷി ജെഎൻയുവിൽ മറ്റൊരു സമരത്തിലായിരുന്നു. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ലൈബ്രറി തുറപ്പിക്കാൻ. എന്നിട്ട് തുറന്നുതന്നോ എന്നു ചോദിച്ചപ്പോൾ ‘‘ഞങ്ങളങ്ങു തുറന്നു’’ എന്നു മറുപടി.
സമരത്തിനിടെ തലയിൽ കൂടംകൊണ്ടാണ് അടിച്ചതെന്ന് ഐഷി. മുറിപ്പാട് മാഞ്ഞിട്ടില്ല. ‘‘അവരെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. മുഖം മറച്ചിരുന്നു. ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണ വിദ്യാർഥിയാണ് ഐഷി.
ദുർഗാപുരിലെ വീട്ടിൽ ചെന്നല്ല ഐഷിയെ വിളിച്ചുണർത്തിയത്. 23 കിലോമീറ്റർ അകലെ റാണിഗഞ്ചിലെ കൽക്കരി ഖനി തൊഴിലാളി യൂണിയൻ ഓഫിസിലെ ഇരുമ്പുകട്ടിലിൽനിന്നാണ്. ഡൽഹിയിൽനിന്നു വന്നതേയുള്ളൂ. വീട്ടിൽ പോയില്ല. ദാമോദർവാലി കോർപറേഷൻ മുൻ ജീവനക്കാരനായ അച്ഛൻ ദേബാശിഷ് ഘോഷ് വിമാനത്താവളത്തിൽനിന്നു വിളിച്ച് യൂണിയൻ ഓഫിസിലാക്കിയിട്ടു പോയി.
ജെഎൻയുവിനെക്കാൾ വലിയ ക്യാംപസിലേക്കാണ് ഇറങ്ങുന്നത്. ടെൻഷനില്ലേ?
പാർട്ടിയും സഖ്യവും വലിയ ഉത്തരവാദിത്തമാണ് ഏൽപിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പു വലിയ വെല്ലുവിളിയാണ്. ജനങ്ങളെ വിഭജിക്കുന്ന കളികളുമായി ബിജെപിയുണ്ട്. തൃണമൂലും അതു തന്നെയാണു ചെയ്യുന്നത്.
തൃണമൂലും ബിജെപിയും ഒരുപോലെയാണോ?
തൃണമൂലിന്റെ 10 വർഷത്തെ ഭരണത്തിൽ അവരുടെ ജനപ്രതിനിധികൾ ജനങ്ങൾക്കൊപ്പം നിന്നിട്ടില്ല. അവരെ അധികാരത്തിൽനിന്ന് ഇറക്കേണ്ടത് അത്യാവശ്യമാണ്. ബിജെപി ഇന്ത്യയിൽ എവിടെയും പയറ്റുന്ന വർഗീയ കാർഡ് ബംഗാളിലും ഇറക്കുന്നു. ബംഗാളിന് അത് ഒട്ടും ചേരില്ല.
നിങ്ങളുടെ സഖ്യത്തിൽനിന്നു തന്നെ ബിജെപി ആളെ തട്ടിയെടുക്കില്ലെന്ന് ഉറപ്പുണ്ടോ?
അതു ബിജെപി പലയിടത്തും ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. തൃണമൂലിൽനിന്നും ആളുകൾ പോകുന്നുണ്ട്.
ഞങ്ങളുടെ സഖ്യത്തിൽനിന്ന് ആരും പോകാതിരിക്കാനുള്ള ധാരണ ഉണ്ടാക്കിയിട്ടുണ്ട്. തൃണമൂലിനെയും ബിജെപിയെയും താൽപര്യമില്ലാത്ത ബംഗാൾ ജനത ഞങ്ങളെ പകരക്കാരായി കാണുന്നുണ്ട്. ആ ബോധത്തോടെയാണു സഖ്യം ഉണ്ടാക്കിയത്.
ജമൂരിയയിൽ എങ്ങനെയാണ് പ്രചാരണ പദ്ധതികൾ?
ആദ്യം സഖാക്കളെ നേരിട്ടു കാണണം. പിന്നാലെ വോട്ടർമാരെ കാണാനിറങ്ങും. ഏഴാം ഘട്ടത്തിൽ, ഏപ്രിൽ 26ന് ആണ് ഇവിടെ വോട്ടെടുപ്പ്.
പ്രചാരണത്തിൽ അച്ഛൻ കൂട്ടു വരുമോ?
ഇല്ല. വീട് വേറെ മണ്ഡലത്തിലാണ്. അച്ഛന് അവിടെ വോട്ട് പിടിക്കണം. ഞാൻ ഈ യൂണിയൻ ഓഫിസിൽ താമസിച്ചു പ്രവർത്തിക്കും. വീട്ടിൽ അമ്മയും അനുജത്തിയുമുണ്ട്.
ജെഎൻയുവിലെ കൂട്ടുകാർ വരുമോ?
പ്രചാരണം തുടങ്ങിക്കഴിഞ്ഞാൽ അവർ വരും.
കേരളത്തിൽ കൂട്ടുകാരില്ലേ?
ഒരുപാടുണ്ട്. മലപ്പുറം ഒഴികെ എല്ലായിടത്തും വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് എസ്എഫ്ഐ പരിപാടിക്കു വന്നിരുന്നു.
മത്സരിക്കാനിറങ്ങുമ്പോൾ ഗവേഷണം മുടങ്ങുമോ?
കരട് പ്രബന്ധം സമർപ്പിച്ചു കഴിഞ്ഞു. പൂർണരൂപം ഉടൻ നൽകും.
എന്തുകൊണ്ടാണ് പഠിക്കാൻ ശാന്തിനികേതനും വിശ്വഭാരതിയും തിരഞ്ഞെടുക്കാഞ്ഞത്? അവിടെ രാഷ്ട്രീയം അനുവദിക്കാത്തതിനാലാണോ?
അല്ല. എന്റെ ഗവേഷണ വിഷയം അവിടെ ഇല്ലാത്തതുകൊണ്ടാണ്. വിശ്വഭാരതി കേന്ദ്ര സർവകലാശാലയാണെന്നതിന്റെ പ്രശ്നങ്ങൾ അവിടെയുണ്ടു താനും.
ബംഗാളിലെ രാഷ്ട്രീയ സ്ഥിതിയും മോശമായി. അതുകൊണ്ടാണ് പലരും മക്കളെ ഇവിടത്തെ കോളജുകളിൽ പഠിക്കാൻ അയയ്ക്കാത്തത്. പുറത്തു പഠിക്കുന്ന പലരും അവിടെത്തന്നെ ജോലി ചെയ്തു കൂടുന്നു. ബംഗാൾ വയോധികരുടെ നാടായി മാറുന്നു. പാർട്ടിയിലും അതാണു സംഭവിച്ചത്.
ഇത്തവണ സ്ഥാനാർഥികളിൽ ചെറുപ്പക്കാർ ഏറെയുണ്ടല്ലോ?
അതെ. ചുരുങ്ങിയ കാലത്തെ നേട്ടത്തിനായല്ല പാർട്ടി അതു ചെയ്യുന്നത്. പുതിയൊരു മാതൃക സൃഷ്ടിക്കാനുള്ള ശ്രമം. പുതിയ തലമുറയ്ക്ക് ഇവിടെ പഠിക്കാനും ജോലി ചെയ്യാനും കഴിയണം.
ആരോടൊക്കെയാണു മത്സരിക്കേണ്ടതെന്ന് ഐഷി അന്വേഷിച്ചിട്ടില്ല. കഴിഞ്ഞ തവണ സിപിഎം സ്ഥാനാർഥിയാണ് ജമൂരിയയിൽ ജയിച്ചത്. ‘‘വ്യക്തികളല്ലല്ലോ, ആശയങ്ങളാണു മത്സരിക്കുന്നത്. ഞാനല്ല, പാർട്ടിയാണ്.’’