ADVERTISEMENT

ന്യൂഡൽഹി ∙ നഴ്സിങ് സ്കൂളുകളും കോളജുകളും വിദ്യാർഥികളിൽ നിന്നു നിർബന്ധിത സർവീസ് ബോണ്ട് വാങ്ങുന്നതും സർട്ടിഫിക്കറ്റ് വിട്ടുകൊടുക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ നടപടിയുണ്ടാകുമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ വ്യക്തമാക്കി.

നഴ്സിങ് സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കുമുള്ള അടിസ്ഥാനയോഗ്യത സംബന്ധിച്ചു കൗൺസിൽ കൊണ്ടുവന്ന പുതിയ നിയന്ത്രണചട്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൗൺസിൽ നിർദേശിക്കുന്ന സിലബസ് സ്ഥാപനങ്ങൾക്കോ സർവകലാശാലകൾക്കോ സംസ്ഥാന നഴ്സിങ് റജിസ്ട്രേഷൻ കൗൺസിലിനോ മാറ്റാനാകില്ലെന്നും ചട്ടത്തിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ അധ്യായങ്ങൾ ഉൾപ്പെടുത്താം.

മറ്റു നിർദേശങ്ങൾ

∙ ഓരോ സ്ഥാപനത്തിലും എഎൻഎം കോഴ്സുകൾക്കു പരമാവധി 60 സീറ്റ് വരെയേ പാടുള്ളൂ. ജനറൽ നഴ്സിങ്, 300ൽ കൂടുതൽ കിടക്കയുള്ള ആശുപത്രി സൗകര്യമുണ്ടെങ്കിൽ ബിഎസ്‍സി നഴ്സിങ് കോഴ്സുകൾക്ക് പരമാവധി 100 സീറ്റ് വരെ അനുവദിക്കും. കുറവാണെങ്കിൽ സീറ്റെണ്ണം 60.

∙ തുടർച്ചയായി 2 വർഷം വിദ്യാർഥികളെ പ്രവേശിപ്പിച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടിയതായി പരിഗണിക്കും. ആകെ വിദ്യാർഥികളുടെ 30% പേർക്കു സ്ഥാപനം തന്നെ ഹോസ്റ്റൽ നൽകണം.

∙ എഎൻഎം കോഴ്സുകൾക്ക് 4 വനിതാ അധ്യാപകരും ഒരു പുരുഷ അധ്യാപകനും ഉണ്ടായിരിക്കണം. ജനറൽ നഴ്സിങ്ങിൽ 7 വനിതകളും 3 പുരുഷന്മാരും എന്നതായിരിക്കും അധ്യാപക അനുപാതം.

∙ പ്രോഗ്രാം തുടങ്ങി 2 വർഷത്തിനുള്ളിൽ സ്വന്തം കെട്ടിടം സജ്ജമാക്കിയില്ലെങ്കിൽ 50,000– 1,00,000 രൂപ പിഴ നൽകേണ്ടി വരും. 6 വർഷം വരെ പിഴയൊടുക്കാം. ഇതിനു ശേഷവും കെട്ടിടമായില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകും.

∙ നഴ്സിങ് സ്കൂൾ നടത്തുന്ന ട്രസ്റ്റുകളുടെ വിൽപനയോ കൈമാറ്റമോ കോഴ്സുകൾക്ക് ബാധകമാകില്ല. ട്രസ്റ്റുകൾ കൈമാറ്റം ചെയ്യപ്പെട്ടാൽ നഴ്സിങ് സ്ഥാപനവും കോഴ്സും അവസാനിപ്പിച്ചതായി കരുതും. ട്രസ്റ്റ് അതേപടി നിലനിർത്തി അംഗങ്ങളെ മാറ്റുന്നതിലും പുതുതായി ചേർക്കുന്നതിലും പ്രശ്നമുണ്ടാകില്ല.

∙ ട്രസ്റ്റ് നിയമപ്രകാരം പല സ്ഥാപനങ്ങൾ ആരംഭിക്കാമെങ്കിലും അവ ഒന്നായേ പരിഗണിക്കു. ഒരു ട്രസ്റ്റിന് ഒരു നഗരത്തിൽ ഒരു കോളജ് മാത്രമേ അനുവദിക്കൂ. സമാന പേരുള്ള മറ്റൊരു സ്ഥാപനം അതേ നഗരത്തിലുണ്ടെങ്കിൽ അനുമതി നൽകില്ല.

∙ വിവിധ നഴ്സിങ് പഠന സ്ഥാപനങ്ങളിൽ നടക്കുന്ന ഭാരത് സേവക് സമാജ് തൊഴിൽ കോഴ്സിന്റെ സർട്ടിഫിക്കറ്റിന് നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുണ്ടായിരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com