അസ്ട്രാസെനക: ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി
Mail This Article
ന്യൂഡൽഹി ∙ അസ്ട്രാസെനക വാക്സീൻ ഉപയോഗം കൂടുതൽ രാജ്യങ്ങൾ താൽക്കാലികമായി നിർത്തുന്നതിനിടെ, ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമാക്കി യൂറോപ്യൻ മെഡിസിൻസ് ഏജൻസി(ഇഎംഎ).
അസ്ട്രാസെനക വാക്സീൻ എടുക്കുന്നതിലെ വെല്ലുവിളികളെക്കാൾ അതിന്റെ നേട്ടങ്ങളെക്കുറിച്ചു വ്യക്തമായ ബോധ്യമുണ്ടെന്നും വാക്സീൻ അനുമതി നൽകിയ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായും ഇഎംഎ മേധാവി എമർ കുക്ക് പറഞ്ഞു. വാക്സീനെടുക്കുകയും അസാധാരണ ആരോഗ്യപ്രശ്നങ്ങൾ കാട്ടുകയും ചെയ്തവരുടെ കാര്യത്തിൽ നടത്തിയ പഠന റിപ്പോർട്ട് നാളെ ഉച്ചയോടെ നൽകാൻ കഴിയുമെന്നും ഏജൻസി അറിയിച്ചു.
വാക്സീൻ കുത്തിവയ്പെടുക്കുന്നതു നിർത്തരുതെന്ന ആവശ്യം ലോകാരോഗ്യ സംഘടനയും ആവർത്തിച്ചു. വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷയും പുനഃപരിശോധിക്കാൻ ഏജൻസി ഇന്നലെയും യോഗം ചേർന്നു. ട്രയൽ ഘട്ടത്തിലൊന്നും ഇത്തരം പ്രശ്നമുണ്ടായിട്ടില്ലെന്നു വാക്സീൻ വികസിപ്പിച്ച ഓക്സ്ഫഡും ഉൽപാദകരായ അസ്ട്രാസെനകയും വ്യക്തമാക്കിയിരുന്നു.
വാക്സീനെടുത്ത ചിലരിൽ അസ്വാഭാവികമായി രക്തം കട്ട പിടിക്കുന്ന രോഗാവസ്ഥ കാണപ്പെട്ടതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. സാധാരണ ജനസംഖ്യയിൽ കാണുന്നത്രയും പ്രശ്നമേ ഇപ്പോഴുമുള്ളൂവെന്ന വിശദീകരണമാണ് ഇഎംഎ നൽകുന്നത്. എന്നാൽ, ആരോഗ്യവിദഗ്ധരിൽ ചിലർ ഭിന്നാഭിപ്രായവുമായി രംഗത്തു വന്നു. ചില പ്രത്യേക പ്രായക്കാരിൽ വാക്സീൻ പ്രശ്നം സൃഷ്ടിക്കുന്നു. വാക്സീൻ സ്വീകരിച്ച യുവാക്കളിൽ രക്തം കട്ടപിടിക്കലും കുറഞ്ഞ പ്ലേറ്റ്‍ലേറ്റ് കൗണ്ട് കണ്ടതും ഗൗരവത്തോടെ കാണുന്നു എന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്.
വ്യക്തത തേടി ജർമനി, ഫ്രാൻസ്
രക്തം കട്ടപിടിക്കുന്ന പ്രശ്നം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമെന്നും ഈ വെല്ലുവിളിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നുമാണു കുത്തിവയ്പ് നിർത്തിവച്ച രാജ്യങ്ങളുടെ വാദം. കുത്തിവയ്പ് നിർത്തിവച്ച ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ വ്യക്തതയും ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയ ഭാഗികമായി ചില ബാച്ചുകൾ നിർത്തിവച്ചപ്പോൾ ബൽജിയം പോളണ്ട്, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ എന്നീ രാജ്യങ്ങൾ അസ്ട്രാസെനക ഉപയോഗം തുടരുകയാണ്.