മുല്ലപ്പെരിയാർ: സുരക്ഷ പ്രധാനം, തമിഴ്നാടിന് മുന്നറിയിപ്പ്
Mail This Article
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ കേസിൽ തമിഴ്നാടിനു മുന്നറിയിപ്പുമായി സുപ്രീം കോടതി. വിവിധ സമയങ്ങളിൽ അണക്കെട്ടിന്റെ ജലനിരപ്പ് എത്ര വേണം, വെറുതെയിടേണ്ടത് എത്ര ഭാഗം തുടങ്ങിയവ സംബന്ധിച്ച റൂൾ കർവ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം ഡാം മേൽനോട്ട സമിതിക്കു നൽകണമെന്നു കോടതി നിർദേശിച്ചു. ഇതിൽ വീഴ്ചയുണ്ടായാൽ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി.
അണക്കെട്ടിന്റെ സുരക്ഷ ഗൗരവമുള്ളതാണെന്നും റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രുമെന്റേഷൻ എന്നീ കാര്യങ്ങളിൽ നാലാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നു മേൽനോട്ട സമിതിയോടും കോടതി നിർദേശിച്ചു. കേസ് ഏപ്രിൽ 22നു വീണ്ടും പരിഗണിക്കും.
മേൽനോട്ട സമിതിക്കു നിർദിഷ്ട ഉത്തരവാദിത്തങ്ങൾ നിലനിൽക്കെ, ഉപസമിതി രൂപീകരിച്ചതു ചോദ്യം ചെയ്തുള്ള ഹർജിയാണു സുപ്രീം കോടതി പരിഗണിച്ചത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സൂക്ഷ്മ നിരീക്ഷണത്തിനു വേണ്ടിയാണു പ്രാദേശിക എൻജിനീയർമാരുടെ സഹായത്തോടെ ഉപസമിതി രൂപീകരിച്ചതെന്നും ഇതു ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരല്ലെന്നും കേന്ദ്ര ജല കമ്മിഷൻ കോടതിയെ അറിയിച്ചു. മേൽനോട്ട സമിതിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപസമിതിക്കില്ലെന്നും കമ്മിഷൻ വാദിച്ചു. അണക്കെട്ട് സുരക്ഷിതമാണ്. പ്രളയവും ഭൂചലനവും നേരിടാൻ അണക്കെട്ടിനു ശേഷിയുണ്ടെന്നും കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
അണക്കെട്ടിന്റെ സുരക്ഷയിൽ കേരളം ആശങ്ക അറിയിക്കവേ, മേൽനോട്ട സമിതിയുടെ പ്രവർത്തനം തൃപ്തികരമെന്ന നിലപാടാണു തമിഴ്നാട് സർക്കാരിന്. ഉപസമിതി രൂപീകരണത്തെ ചോദ്യം ചെയ്തു പി.ജെ. ജോസഫിന്റെ മരുമകനും കോതമംഗലത്തെ ട്വന്റി 20 സ്ഥാനാർഥിയുമായ ജോ ജോസഫ് നൽകിയ ഹർജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്.