ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിദിന വാക്സീൻ കുത്തിവയ്പ് 30 ലക്ഷം കടന്നതിനു പിന്നാലെ 10 കോടി കോവിഷീൽഡ് വാക്സീനുകൾ കേന്ദ്ര സർക്കാർ വാങ്ങുന്നു. നേരത്തെ, ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ വാക്സീൻ ലഭ്യമാക്കാൻ ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പിട്ടു.

പുതിയ കരാർ അനുസരിച്ചു ജിഎസ്ടി അടക്കം ഡോസ് ഒന്നിന് 157.50 രൂപയാണ് വില. ആദ്യ ഓർഡർ ഡോസ് ഒന്നിന് 200 രൂപ എന്ന നിലയിലായിരുന്നു. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു ബജറ്റ് വിഹിതമായി ലഭിച്ച തുക ഉപയോഗപ്പെടുത്തി പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡാണ് വാക്സീൻ വാങ്ങുക. ആദ്യ ഘട്ടത്തിൽ പിഎം കെയർ പദ്ധതി വഴിയാണ് വാക്സീൻ വാങ്ങിയിരുന്നത്. 

മൊഡേണ  വാക്സീൻ ചെറിയ കുട്ടികളിലും 

12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ വാക്സീൻ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കാനുള്ള ട്രയൽ നടപടികളിലേക്ക് മൊഡേണ കടന്നു. 6–12 പ്രായമുള്ള 6750 കുട്ടികളിലാണ് പരീക്ഷണം. യുഎസിലും കാനഡയിലുമായി ട്രയലിന്റെ രണ്ടും മൂന്നും ഘട്ടം നടക്കുമെന്ന് കമ്പനി വ്യക്തമാക്കി. 

നേരത്തെ, 12നും 18നും ഇടയിൽ പ്രായമുള്ളവരിൽ വാക്സീൻ പരീക്ഷിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസ് എന്ന രീതിയിലാണ് മൊഡേണ വാക്സീൻ നൽകുക. മുതിർന്നവരിൽ 95% ഫലപ്രാപ്തി രേഖപ്പെടുത്തിയ വാക്സീൻ ഒട്ടേറെ രാജ്യങ്ങളിൽ കുത്തിവയ്പു തുടരുകയാണ്.

വാക്സീൻ സ്വീകരിച്ചവർ മൂന്നരക്കോടി

രാജ്യത്തു വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം മൂന്നരക്കോടിയോട് അടുക്കുന്നു. തിങ്കളാഴ്ച മാത്രം 30 ലക്ഷം പേർക്കു വാക്സീൻ നൽകി.

പ്രതിദിന കണക്കിലെ റെക്കോർഡാണിത്. 15 ദിവസത്തിനിടെ 60 വയസ്സിനു മുകളിലുള്ള ഒരു കോടി പേർക്ക് വാക്സീൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com